വീടുകളിലെ ചടങ്ങുകളില്‍ മദ്യം വിളമ്പാൻ ഇനിമുതൽ അനുമതി വേണ്ട
കൊച്ചി: വീടുകളിലെ സ്വകാര്യ ചടങ്ങുകളില്‍ മദ്യം വിളമ്പാന്‍ എക്‌സൈസ് അനുമതി വേണ്ടെന്ന് ഹൈക്കോടതി.എന്നാല്‍ ഇവിടെ ഒരു തരത്തിലുമുള്ള വില്‍പന പാടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. നിലവില്‍ വീടുകളിലെ ആഘോഷ ചടങ്ങുകളില്‍ മദ്യം വിളമ്പാന്‍ എക്‌സൈസിന്റെ പ്രത്യേക അനുമതി വേണം. ഇത് ചോദ്യം ചെയ്ത് കോട്ടയം സ്വദേശി അലക്‌സി ചാക്കോ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി സിംഗിള്‍ ബഞ്ചിന്റെ നിര്‍ണായക വിധി.
ഇതനുസരിച്ച് വീടുകളില്‍ നടത്തുന്ന ആഘോഷ പരിപാടികളിലെ മദ്യസല്‍ക്കാരത്തില്‍ എക്‌സൈസിന് ഇടപെടാനാകില്ല. എന്നാല്‍ ഈ ചടങ്ങുകളില്‍ ഒരുതരത്തിലുള്ള മദ്യ വില്‍പന പാടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഹോട്ടലുകളിലോ ക്ലബ്ബുകളിലോ നടത്തുന്ന സ്വകാര്യ ചടങ്ങുകളില്‍ മദ്യംവിളമ്പുന്നതിന് വിധി ബാധകമല്ല. ഇവര്‍ മദ്യം വിളമ്പാന്‍ അമ്പതിനായിരം രൂപ അടച്ച് എക്‌സൈസ് വകുപ്പില്‍ നിന്ന് ഏകദിന പെര്‍മിറ്റ് എടുക്കണം. നേരത്തെ ഈ പെര്‍മിറ്റ് വീടുകളിലെ മദ്യസല്‍ക്കാരത്തിനും ബാധകമായിരുന്നു.