സ്വകാര്യ ആശുപത്രി നഴ്സുമാരുടെ ശമ്പളവര്‍ദ്ധനവിനെപ്പറ്റിയുള്ള ചര്‍ച്ച ഇന്ന്
തിരുവനന്തപുരം ∙ സ്വകാര്യ ആശുപത്രി നഴ്സുമാരുടെ ശമ്പള പരിഷ്കരണം സംബന്ധിച്ച് വ്യവസായ ബന്ധ സമിതി ആശുപത്രി മാനേജ്മെന്റ് പ്രതിനിധികളും നഴ്സുമാരുടെ പ്രതിനിധികളുമായി ഇന്നു ചർച്ച നടത്തും. അടിസ്ഥാന ശമ്പളം 20,000 രൂപയായി ഉയർത്തിയില്ലെങ്കിൽ സമരത്തിലേയ്ക്ക് നീങ്ങുമെന്നാണ് നഴ്സുമാരുടെ മുന്നറിയിപ്പ്. എന്നാൽ അടിസ്ഥാന ശമ്പളത്തിൽ 20 ശതമാനത്തിൽ കൂടുതൽ വർധന നൽകില്ലെന്നാണ് മാനേജ്മെന്റുകളുടെ നിലപാട്. 2016 ജനുവരി 29 ലെ സുപ്രീം കോടതി മാർഗനിർദ്ദേശമനുസരിച്ച് അടിസ്ഥാന ശമ്പളം 20,000 രൂപയായി ഉയർത്തണമെന്നാണ് നഴ്സുമാരുടെ ആവശ്യം. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ശമ്പള പരിഷ്കരണം നടപ്പാക്കാൻ കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നല്‍കിയിരുന്നു. എന്നാൽ ഇതു സംബന്ധിച്ച് ചർച്ചകൾ നടക്കുന്നതേയുള്ളുവെന്നാണ് കേരളം നൽകിയ മറുപടി. പനി പടർന്നു പിടിച്ചിരിക്കുന്ന സാഹചര്യത്തിൽ നഴ്സുമാർ സമരത്തിലേയ്ക്ക് നീങ്ങിയാൽ സ്ഥിതിഗതികൾ ഗുരുതരമാകും. അതുകൊണ്ടുതന്നെ സർക്കാർ ഇന്നു കർശന നിലപാട് സ്വീകരിക്കുമെന്നാണ് നഴ്സുമാരുടെ പ്രതീക്ഷ. ശമ്പള പരിഷ്കരണം അനിശ്ചിതമായി നീണ്ടതിനേത്തുടർന്ന് 158 ആശുപത്രികളിൽ യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ സമരത്തിന് നോട്ടീസ് നൽകിക്കഴിഞ്ഞ സാഹചര്യത്തിലാണ് വ്യവസായ ബന്ധ സമിതി ചേരുന്നത്.