‘തടവറയില്‍ കിടന്ന്’ ബിസിനസ് നിയന്ത്രിച്ച് നിസാം: ഫയല്‍ ആവശ്യപ്പെട്ട് ഫോണിലൂടെ ഭീഷണിപ്പെടുത്തി എന്നു മാനേജർ
തൃശൂര്‍: ചന്ദ്രബോസ് വധക്കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട വ്യവസായി നിസാം ജയിലില്‍ നിന്നും ഫോണ്‍വിളിച്ച് ഭീഷണിപ്പെടുത്തുന്നുവെന്ന ആരോപണവുമായി സ്ഥാപനത്തിന്റെ മാനേജര്‍ രംഗത്ത്. കിംഗ്‌സ് സ്‌പേസ് സ്ഥാപനത്തിലെ മാനേജര്‍ ചന്ദ്രശേഖരനാണ് തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് ഇത് സംബന്ധിച്ച് പരാതി നല്‍കിയത്.
ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖയും പൊലീസിന് കൈമാറി. ക്രിമിനല്‍ സ്വഭാവമുള്ള നിസാം തന്നെയും കുടുംബത്തെയും ഇല്ലാതാക്കുമോ എന്ന ഭീതിയുണ്ടെന്നു പരാതിയില്‍ പറയുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഓഫീസിലെ ഒരു ഫയല്‍ ഉടന്‍ എത്തിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ചൊവ്വാഴ്ച കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ലാന്റ് ഫോണ്‍ നമ്പറില്‍ നിന്ന് നിസാം വിളിച്ചത്. ഫോണിലൂടെ നിസാം തന്റെ ജീവനക്കാരെ ചീത്ത വിളിക്കുകയും ചെയ്തു.
മുമ്പ് പലതവണ മാനേജര്‍ നിസാമിനെ ജയിലില്‍ ചെന്ന് കണ്ടിട്ടുണ്ട്. അപ്പോഴെല്ലാം നിസാമിന്റേത് മോശമായ പെരുമാറ്റമായിരുന്നു. സ്ഥാപനങ്ങളുടെ നടത്തിപ്പ് നിസാം ജയിലിലിരുന്ന് നിയന്ത്രിക്കുന്നു എന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. ഇത് സാധൂകരിക്കുന്നതാണ് മാനേജരുടെ പരാതി. നേരത്തെ, വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ പാര്‍പ്പിച്ചിരുന്ന നിസാമിനെ പിന്നീട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റുകയായിരുന്നു.