മെഡിക്കൽ കോളേജ് ആശുപത്രിയിലെ പുതിയ മൾട്ടി സ്പെഷ്യലിറ്റി ബ്ലോക്കിന്റെ പ്രവർത്തനോദ്ഘാടനം ഉടൻ : കെ കെ ശൈലജ ടീച്ചർ
തിരുവനന്തപുരം : മെഡിക്കൽ കോളേജ് ആശുപത്രിയിൽ സജ്ജമാക്കിയ മൾട്ടി സ്പെഷ്യലിറ്റി ബ്ലോക്ക് എത്രയും വേഗം രോഗികൾക്ക് തുറന്നു കൊടുക്കാനായി പ്രവർത്തനോൽഘാടനം ഉടനെ ഉണ്ടാവുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.
വെന്റിലേറ്റർ കിടക്കകളുൾപ്പെടെയുള്ള നൂറോളം ഐ സി യു കിടക്കകളാണിവിടെ ഒരുക്കുന്നത്. ആരംഭത്തിൽ 60 എണ്ണമായിരിക്കും പ്രവർത്തനക്ഷമമാകുന്നത്. ഈ ബ്ലോക്ക് പ്രവർത്തന സജ്ജമാകുന്നതോടെ മറ്റേതൊരു സ്വകാര്യ ആശുപത്രികളിൽ നിന്നും ലഭിക്കുന്നതിനേക്കാൾ മികച്ച സേവനം ഇവിടെ നിന്നും ലഭ്യമാകുന്നതാണ്.
ഈ മൾട്ടി സ്പെഷ്യലിറ്റി ബ്ലോക്കിൽ സമന്വയിപ്പിച്ചിട്ടുള്ളത് വിവിധ സ്പെഷ്യലിറ്റികളുടെ തീവ്ര പരിചരണ വിഭാഗങ്ങളാണ്. വിപുലീകരിച്ച ആധുനിക മോർച്ചറി, വയോജനങ്ങളുടെ സമ്പൂർണ്ണ ചികിത്സയ്ക്കായുള്ള ജെറിയാട്രിക് വിഭാഗം, സർജറി – ന്യൂറോ സർജറി വിഭാഗത്തിന്റെ ഐ സി യു, മൾട്ടി ഡിസിപ്ലിനറി ഐ സി യു, ഹൃദയസംബന്ധമായ രോഗങ്ങൾക്കുള്ള തീവ്രപരിചരണം നൽകാനുള്ള കാർഡിയാക് ഐ സി യു, ഹൃദയം, ശ്വാസകോശം ഇവ സംബന്ധമായ ഓപ്പറേഷൻ നടത്തുന്നതിനുള്ള കാർഡിയോ തൊറാസിക് ഓപ്പറേഷൻ തീയേറ്റർ – ഐ സി യു എന്നിവയാണ് ഈ ബഹുനില മന്ദിരത്തിൽ സജ്ജമാക്കിയിട്ടുള്ളത്.