ശബരിമലയിലെ നിയന്ത്രണങ്ങളില്‍ പോലീസിനെ രൂക്ഷമായി വിമര്‍ശിച്ച് വീണ്ടും ഹൈക്കോടതി.
കൊച്ചി: ശബരിമലയിലെ നിയന്ത്രണങ്ങളില്‍ പോലീസിനെ രൂക്ഷമായി വിമര്‍ശിച്ച് വീണ്ടും ഹൈക്കോടതി. ശബരിമലയില്‍ ഹൈക്കോടതി ജഡ്ജിയെ തടഞ്ഞ സംഭവത്തില്‍ കോടതി പോലീസിനെ രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്. സംഭവത്തില്‍ സ്വമേധയാ കേസെടുക്കാന്‍ ചീഫ് ജസ്റ്റിസ് ഒരുങ്ങിയതായിരുന്നു. എന്നാല്‍ ജഡ്ജി വേണ്ടെന്ന് പറഞ്ഞതുകൊണ്ടാണ് കേസെടുക്കാതിരുന്നതെന്നും ഹൈക്കോടതി വ്യക്തമാക്കി. ജഡ്ജിയുടെ മഹാമനസ്കത ബലഹീനതയായി കാണരുതെന്ന് കോടതി പോലീസിന് മുന്നറിയിപ്പ് നല്‍കി.
അയ്യപ്പഭക്തന്മാര്‍ക്ക് ശബരിമലയില്‍ അനാവശ്യ നിയന്ത്രണങ്ങളാണ് പോലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് ഹൈക്കോടതി കുറ്റപ്പെടുത്തി. സ്വാമി ശരണം എന്നു വിളിക്കുന്നത് എങ്ങനെയാണ് സുപ്രീം കോടതി വിധിയുടെ ലംഘനമാകുന്നതെന്ന് കോടതി ചോദിച്ചു. ശരണം വിളിക്കരുതെന്ന് പറയാന്‍ പോലീസിനാവില്ല. നിരോധനാജ്ഞയുടെ പേരില്‍ അയ്യപ്പഭക്തരെ ബുദ്ധിമുട്ടിക്കുന്ന നടപടികള്‍ പോലീസിന്‍റെ ഭാഗത്ത് നിന്നുണ്ടാകരുതെന്നും ഹൈക്കോടതി മുന്നറിയിപ്പ് നല്‍കി.