ശബരിമല പ്രശ്നം കൈകാര്യം ചെയ്തതില്‍ മുഖ്യമന്ത്രിക്ക് സി.പി.ഐ സംസ്ഥാന കൗണ്‍സിലില്‍ ഒറ്റപ്പെട്ട വിമര്‍ശനം.
ശബരിമല പ്രശ്നം കൈകാര്യം ചെയ്തതില്‍ മുഖ്യമന്ത്രിക്ക് സി.പി.ഐ സംസ്ഥാന കൗണ്‍സിലില്‍ ഒറ്റപ്പെട്ട വിമര്‍ശനം. വിധി നടപ്പിലാക്കാന്‍ മുഖ്യമന്ത്രി അനാവശ്യ തിടുക്കം കാണിക്കുന്നുവെന്ന പ്രതീതി സൃഷ്ടിക്കപ്പെട്ടതായി ചില അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. ആദ്യഘട്ടത്തിലെ സര്‍ക്കാരിന്റെ ഇടപെടലുകള്‍ വേണ്ടത്ര കൂടിയാലോചനയോടെ ആയിരുന്നില്ല. പൊലീസ് കുറച്ചുകൂടി ആത്മസംയമനം പാലിക്കണമായിരുന്നു. പൊലീസിന്റെ ഭാഗത്ത് നിന്നുള്ള പല ഇടപെടലുകളും വിശ്വാസികളെ സര്‍ക്കാരിന് എതിരാക്കി. ആക്ടിവിസ്റ്റുകളുടെ കാര്യത്തില്‍ പരസ്പരവിരുദ്ധമായ പ്രസ്താവനകളാണ് കോടിയേരിയും കടകംപള്ളിയും നടത്തിയത്. അതേസമയം, സര്‍ക്കാര്‍ നടപടികളെ പിന്തുണക്കുന്നതായിരുന്നു യോഗത്തിന്റെ പൊതുവികാരം.

സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലും ശബരിമല പ്രശ്നം കൈകാര്യം ചെയ്യുന്നതില്‍ വീഴ്ചയുണ്ടായെന്ന് പറയുന്നില്ല. വിശ്വാസികളോട് സംവദിക്കുമ്പോള്‍ അവരെ പ്രകോപിപ്പിക്കാതെ കോടതി വിധി ബോധ്യപ്പെടുത്തിക്കൊടുക്കണം. മറിച്ചായാല്‍ അവരെ ബിജെപിയിലേക്ക് തള്ളിവിടുന്നതിന് തുല്യാമാകുമെന്ന് കൗണ്‍സില്‍ യോഗം വിലയിരുത്തി. ഇക്കാര്യങ്ങള്‍ കീഴ്ഘടകങ്ങളിലേക്ക് റിപ്പോര്‍ട്ടു ചെയ്യും.
അതേസമയം ശബരിമലയിൽ അക്രമഭീഷണി തുടരുന്നുവെന്നായിരുന്നു മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത്. ശബരിമലയിലെ നിയന്ത്രണങ്ങള്‍ പിന്‍വലിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയന്ത്രണങ്ങള്‍ പിന്‍വലിക്കണമെന്ന പ്രതിപക്ഷ ആവശ്യം തള്ളി. ദര്‍ശനത്തിനെത്തുന്നവര്‍ക്ക് സൗകര്യമൊരുക്കേണ്ടത് സര്‍ക്കാരിന്‍റെ ബാധ്യതയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.