പൂജാ ബംബർ നാലുകോടി തമിഴ്നാട് സ്വദേശിക്ക്
കോട്ടയം: സംസ്ഥാന സർക്കാരിന്റെ ഈ വര്‍ഷത്തെ പൂജ ബംബറിന്റെ നാലു കോടി ഭാഗ്യം തമിഴ്നാട് സ്വദേശിക്ക്. കോട്ടയം നഗരത്തിൽ ജോലിചെയ്യുന്ന തിരുനൽവേലി സ്വദേശിയായ ഷണ്മുഖൻ(51) മാരിയപ്പനാണ് നാലുകോടി അടിച്ചിരിക്കുന്നത്. ഒരു തുണിക്കടയിൽ സൂപ്പർവൈസറായി ജോലിചെയ്യുന്ന ഇദ്ദേഹം മാസത്തില്‍ രണ്ട് ലോട്ടറികളാണ് എടുക്കാറുള്ളത്. അങ്ങനെ നവംബര്‍ മാസം എടുത്ത പൂജ ബംബറിന് അദ്ദേഹത്തെ തേടി ഭാഗ്യം എത്തുകയായിരുന്നു.
വിഎ 489017 എന്ന നമ്പറിനാണ് മാരിയപ്പന് ലോട്ടറി അടിച്ചിരിക്കുന്നത്. കഴിഞ്ഞയാഴ്ച ഏറ്റുമാനൂർ ക്ഷേത്രത്തിൽ ദര്‍ശനം കഴിഞ്ഞ് ഇറങ്ങുമ്പോഴാണ് വഴിയരികിൽ നിന്ന് ലോട്ടറിയെടുത്തത്. ഏറ്റുമാനൂരപ്പനാണ് തനിക്ക് ഭാഗ്യം കൊണ്ടുവന്നതെന്ന് അദ്ദേഹം തന്നെ കാണാനെത്തിയ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
തനിക്ക് ലോട്ടറി അടിച്ചെന്ന് വെള്ളിയാഴ്ച വൈകീട്ട് മാരിയപ്പന് അറിഞ്ഞപ്പോള്‍ തന്നെ ലോട്ടറി ടിക്കറ്റ് ബാങ്കില്‍ ഏല്‍പ്പിക്കുകയായിരുന്നു. അവിവാഹിതനായ മാരിയപ്പന് മൂന്നു സഹോദരങ്ങളും ഒരു സഹോദരിയുമാണുള്ളത്. തിരുനെൽവേലിയിൽ വാടകവീട്ടിലാണ് ഇവര്‍ കഴിയുന്നത്. ഒരു വീട് വയ്ക്കണമെന്ന തന്റെ ആഗ്രഹം ഇതിലൂടെ സഫലമാകുമെന്നാണ് മാരിയപ്പന്റെ വാക്കുകള്‍.