കെ എസ് ആര് ടി സി വെള്ളത്തിലിറക്കിയ ഡ്രൈവര്‍ക്കെതിരെ സസ്പെന്ഷന് പിറകേ കേസും
കെ എസ് ആര് ടി സി ബസ് വെള്ളത്തിലിറക്കിയ ഡ്രൈവര്‍ക്ക് സസ്പെന്ഷന് പുറമേ കേസും. സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയില്‍ കോട്ടയം ജില്ലയിലെ പൂഞ്ഞാര്‍ സെന്റ് മേരീസ് പള്ളിക്ക് മുന്നിലുണ്ടായ വെള്ളക്കെട്ടിലാണ് ബസ് മുങ്ങിയത്. തുടര്‍ന്ന് നാട്ടുകാര്‍ വടം ഉപയോഗിച്ച് ബസിനെ കരിയിലേക്ക് വലിച്ചു കയറ്റുകയായിരുന്നു. സംഭവത്തില്‍ ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ ഉത്തരവ് പ്രകാരം കെ എസ് ആര് ടി സി ഡ്രൈവര്‍ എസ് ജയദീപിനെ നേരത്തെ തന്നെ സസ്പെന്‍ഡ് ചെയ്തിരുന്നു. ബസിന് നാശനഷ്ടവും യാത്രകാര്‍ക്ക് ഭീഷണിയും ഉണ്ടാക്കിയതായി കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു സസ്പെന്ഷന്. എന്നാല്‍ പൊതുമുതല്‍ നശിപ്പിച്ചുവെന്നും 5.32 ലക്ഷം രൂപയുടെ നാശനഷ്ടങ്ങള്‍ വരുത്തിയെന്നുമാണ് ഇയാള്‍ക്കെതിരെയുള്ള കേസിന്റെ എഫ് ഐ ആറില്‍ രേഖപ്പെടുത്തിയിരുന്നത്. സസ്പെന്ഷന് ശേഷം തനിക്കെതിരെ നടപടിയെടുത്ത ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള ജയദീപിന്റെ പോസ്റ്റും വീഡിയോയും പ്രചാരത്തിലായിരുന്നു.