ബുക്കിംഗ് ആരംഭിച്ച് മണിക്കൂറുകള്‍ക്കകം ഹൗസ്ഫുള്‍, കുറുപ്പിനായി കൂടുതല്‍ ഷോകള്‍ ഉള്‍പ്പെടുത്തും
കോവിഡ് പ്രതിസന്ധികള്‍ക്ക് ഒടുവില്‍ രണ്ടാമത് തുറന്ന തിയറ്ററുകള്‍ക്ക് ആശ്വാസമായി ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം സുകുമാര കുറുപ്പ്. നവംബര്‍ 12 ന് തീയറ്ററിലെത്തുന്ന ചിത്രത്തിന്റെ ഓണ്‍ലൈന്‍ ബുക്കിംഗ് തുടങ്ങി മണിക്കൂറുകള്‍ക്കകം ഹൗസ് ഫുള്‍ ആയിരിക്കുകയാണ്. ഇതോടെ ചിത്രത്തിന്റെ പ്രദര്‍ശനത്തിനായി കൂടുതല്‍ ഷോകള്‍ കൂടി തിയറ്ററുകളില്‍ ഉള്‍പ്പെടുത്തും. ഇന്നലെ റിലീസായ ചിത്രത്തിന്റെ ട്രെയിലറിന് വന്‍ സ്വീകാര്യമാണ് യൂ ട്യൂബില്‍ ലഭിച്ചത്. ചിത്രത്തിന്റെ കഥാപശ്ചാത്തലമായ കുപ്രസിദ്ധ കുറ്റവാളി സുകുമാര കുറുപ്പിനെ കുറിച്ചുള്ള ചര്‍ച്ചകളും സോഷ്യല്‍ മീഡിയകളില്‍ സജീവമാണ്. ദുല്‍ഖര്‍ സല്‍മാന്റെ ആദ്യ ചിത്രമായ സെക്കന്റ് ഷോയുടെ സംവിധായകനായ ശ്രീനാഥ് രാജേന്ദ്രനാണ് കുറുപ്പിന്റെയും സംവിധായകന്‍. 30 കോടിയോളം രൂപ മുതല്‍മുടക്കി നിര്‍മ്മിച്ച ചിത്രം മലയാളത്തിന് പുറമേ തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ ഭാഷകളിലും പ്രേക്ഷകരിലേക്ക് എത്തും. കേരളത്തില്‍ 400 ലധികം തീയറ്ററുകളില്‍ കുറുപ്പ് റിലീസ് ചെയ്യും. ഒ ടി ടിയില്‍ റിലീസ് ചെയ്യാന്‍ വന്‍ ഓഫറുകള്‍ ലഭിച്ചെങ്കിലും ചിത്രം തിയറ്ററുകളില്‍ തന്നെ പ്രദര്‍ശനത്തിന് എത്തിക്കാന്‍ തീരുമാനിക്കുകയായിരുന്നു.