100 കോടിയുടെ ലഹരി മരുന്നുമായി കോട്ടയം സ്വദേശി മുംബൈയിൽ അറസ്റ്റിൽ
മുംബൈ: 100 കോടിയുടെ ലഹരിമരുന്നുമായി കോട്ടയം സ്വദേശി ബിനു ജോണിനെ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് (DRI) മുംബൈ രാജ്യാന്തര വിമാനത്താവളത്തിൽ വച്ച് അറസ്റ്റ് ചെയ്തു. ഇയാളെ ചോദ്യംചെയ്യതപ്പോൾ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഘാന സ്വദേശിനിയെ ഡൽഹിയിലെ ഹോട്ടലിൽ നിന്നു പിടികൂടി. ബിനു മുംബൈയിൽ എത്തിക്കുന്ന ലഹരിമരുന്ന് വിതരണം ചെയ്യുക എന്ന ദൗത്യമാണ് ഇവരുടേതെന്ന് അന്വേഷണ സംഘം പറഞ്ഞു .ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നുള്ള പരിശോധനയിലാണ് ബിനുവിന്റെ ട്രോളി ബാഗിൽ പ്രത്യേക അറയിൽ ഒളിപ്പിച്ച 16 കിലോ ഹെറോയിൻ കണ്ടെത്തിയത്. ബിനു ജോൺ ആഫ്രിക്കൻ രാജ്യമായ മലാവിയിൽ നിന്നും ഖത്തർ വഴിയാണ് മുംബൈയിലെത്തിയതെന്നാണ് വിവരം. കോട്ടയം മറ്റക്കരയ്ക്കു സമീപമാണ് ബിനുവിന്റെ വീടെന്നും ഇടയ്ക്കു നാട്ടിൽ കാണാമെന്നുമല്ലാതെ ഇയാളെക്കുറിച്ച് നാട്ടുകാർക്ക് പോലും അധികം അറിവൊന്നുമില്ല. സംഭവത്തിൽ കേരള എക്സൈസ് വകുപ്പും അന്വേഷണം ആരംഭിച്ചിട്ടുണ്ട്