ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി മുലായം സിംഗ് യാദവ് അന്തരിച്ചു
ന്യൂഡൽഹി: മുലായം സിംഗ് യാദവ് (82) അന്തരിച്ചു. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി മുലായം സിംഗ് യാദവ് അന്തരിച്ചു. എട്ട് തവണ നിയമസഭാംഗവും മൂന്ന് തവണ യുപി മുഖ്യമന്ത്രിയുമായി. ഏഴ് തവണ ലോക്സഭാംഗമായി. സമാജ് വാദി പാർട്ടിയുടെ സ്ഥാപക നേതാവാണ് മുലായംസിംഗ് യാദവ്. ഗുസ്തിക്കളത്തിൽ നിന്ന് രാഷ്ട്രീയ ഗോദയിലേക്കിറങ്ങിയ നേതാവാണ് മുലായംസിംഗ്. ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഗതിവിഗതികൾ നിയന്ത്രിച്ച ഒരു സോഷ്യലിസ്റ്റ് രാഷ്ട്രീയ ഫയൽവാനാണ് മുലായം. മധ്യ ഉത്തർപ്രദേശിലെ ഇറ്റാവയിലെ കർഷക കുടുംബത്തിൽ 1939 നവംബർ 22 നായിരുന്നു മുലായംസിംഗ് യാദവിന്റെ ജനനം. മകനെ ഗുസ്തിക്കാരനായി കാണാനായിരുന്നു പിതാവ് സുധർ സിംഗ് ആഗ്രഹിച്ചത്. പക്ഷെ മെയ്ൻപുരിയിലെ ഒരു ഗുസ്തിപ്പോരാട്ട വേദിയിൽ നിന്നും രാഷ്ട്രീയ ഗോദയിലെ വേഷമാണ് മുലായം എന്ന യാദവ യുവാവിന് ഇണങ്ങുന്നതെന്ന് തിരിച്ചറിഞ്ഞത് പ്രാദേശിക സോഷ്യലിസ്റ്റ് നേതാവായ നത്തു സിംഗാണ്. മുലായത്തിന്റെ രാഷ്ട്രീയ ഗുരുവാണ് നത്തു സിംഗ്. സോഷ്യലിസ്റ്റ് നേതാവ് റാം മനോഹർ ലോഹ്യയായിരുന്നു മുലായമിനെ സ്വാധീനിച്ച നേതാവ്. ജനങ്ങളുടെ സമത്വത്തെക്കുറിച്ചും മറ്റ് സാമൂഹിക-നീതി പ്രശ്നങ്ങളെക്കുറിച്ചും ലോഹ്യയുടെ ബോധ്യങ്ങൾ മുലാമിനെ ഏറെ ആകർഷിച്ചു. താഴ്ന്ന ജാതിക്കാരായ ഹിന്ദുക്കളുടെയും ന്യൂനപക്ഷ മുസ്ലീം ജനതയുടെയും അവകാശങ്ങൾക്കായി നിലകൊള്ളുന്നതിനും അദ്ദേഹം നിലകൊണ്ടു. ലോഹ്യയുടെ തത്വങ്ങളെ അടിസ്ഥാനമാക്കിയുള്ള മുലായം സിംഗ് യാദവിന്റെ പ്രവർത്തനങ്ങളാണ് ഇന്ത്യൻ രാഷ്ട്രീയത്തിലും ഹിന്ദി ഹൃത്തടത്തിലും തുടർന്നുള്ള അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തെ അടയാളപ്പെടുത്തിയത്.