‘ഞങ്ങൾ ഇടപെട്ടാലെ വേഗത വരൂ…’: ഡൽഹി സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി
ഡൽഹി മലിനീകരണത്തിൽ അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. ഡൽഹിയിലെ വർദ്ധിച്ചുവരുന്ന വായു മലിനീകരണത്തെക്കുറിച്ചും അയൽ സംസ്ഥാനങ്ങളിലെ വൈക്കോൽ കത്തിക്കലിനുമെതിരെ സമർപ്പിച്ച ഒരു കൂട്ടം ഹർജികൾ പരിഗണിക്കവെയാണ് കോടതി ഇക്കാര്യം പറഞ്ഞത്. “എല്ലാ വർഷവും ഞങ്ങൾ ഇടപെട്ടതിന് ശേഷമാണ് നടപടി എടുക്കാൻ വേഗത വരൂ” എന്നായിരുന്നു കോടതി പറഞ്ഞത്. മൊത്തം മലിനീകരണത്തിന്റെ 24 ശതമാനവും വിളകളുടെ അവശിഷ്ടങ്ങൾ കത്തിക്കുന്നതു മൂലമാണെന്ന് അമിക്കസ് ക്യൂറി അപരാജിത സിംഗ് കോടതിയെ അറിയിച്ചു. കൽക്കരിയും ചാരവും 17 ശതമാനം, വാഹനങ്ങളുടെ മലിനീകരണം 16 ശതമാനം എന്നിങ്ങനെയാണ് മറ്റുള്ളവയുടെ കണക്കുകൾ. മലിനീകരണത്തിന്റെ സ്രോതസ്സുകളെക്കുറിച്ച് എല്ലാവർക്കും അറിയാമെങ്കിലും, കോടതിയുടെ ഇടപെടലിനായി കാത്തിരിക്കുകയാണെന്ന് സുപ്രീം കോടതി പറഞ്ഞു.