പോപ്പുലർ ഫ്രോന്റിനെ നിരോധിച്ച സാഹചര്യത്തിൽ പ്രതിഷേധത്തിന് സാധ്യതയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്; സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കി
തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച സാഹചര്യത്തിൽ പ്രതിഷേധത്തിന് സാധ്യതയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച് കേന്ദ്ര സർക്കാർ ഉത്തരവ് പുറത്തിറക്കിയിരുന്നു. ഈ പശ്ചാത്തലത്തിൽ പ്രതിഷേധ സാധ്യത കണക്കിലെടുത്ത് സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കി. പോപ്പുലർ ഫ്രണ്ടിന്റെ സ്വാധീന മേഖലകളിൽ കൂടുതൽ പോലീസിനെ വിന്യസിച്ചു. വിവിധ രാഷ്ട്രീയ പാർട്ടികളുടെ ഓഫീസുകൾക്കും സുരക്ഷ ഏർപ്പെടുത്തി.
പോപ്പുലർ ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും റെയ്ഡ് നടത്തുകയും നിവരധി നേതാക്കളെയും പ്രവർത്തതകരെയും അറസ്റ്റ് ചെയ്യുകയും ചെയ്ത സാഹചര്യത്തിൽ പോപ്പുലർ ഫ്രണ്ട് സംസ്ഥാനത്ത് ഹർത്താൽ നടത്തിയിരുന്നു. ഹർത്താലിനിടെ കൂടുതൽ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തത് ആലുവയിലായിരുന്നു. ഈ സാഹചര്യത്തിൽ ആലുവയിൽ കേന്ദ്ര സേനയെ വിന്യസിച്ചു. ആലുവയിലെ ആർഎസ്എസ് കാര്യാലയത്തിന്റെ സുരക്ഷ കേന്ദ്ര സേന ഏറ്റെടുത്തു. പള്ളിപ്പുറം ക്യാമ്പിൽ നിന്നുള്ള സിആർപിഎഫിന്റെ 15 അംഗ സംഘമാണ് ആലുവയിൽ എത്തിയിരിക്കുന്നത്. സുരക്ഷാ പ്രശ്നങ്ങൾ കണക്കിലെടുത്ത് ആഭ്യന്തര സെക്രട്ടറിയും ഡിജിപിയും എഡിജിപിയും മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും.












