സിനിമ-സീരിയൽ നടൻ കാര്യവട്ടം ശശികുമാർ അന്തരിച്ചു
തിരുവനന്തപുരം : സിനിമ സീരിയല്‍ നടന് കാര്യവട്ടം ശശികുമാര്‍ അന്തരിച്ചു. അസുഖ ബാധിതനായതിനെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് മരണം സംഭവിച്ചത്. കെ എസ് ഗോപാലകൃഷ്ണന് സംവിധാനം ചെയ്ത് 1989 ല്‍ പുറത്തിറങ്ങിയ ‘ക്രൈം ബ്രാഞ്ച്’ എന്ന സിനിമയിലൂടെയാണ് കാര്യവട്ടം ശശികുമാർ ചലച്ചിത്ര ലോകത്തെ എത്തുന്നത്. ശേഷം ഏതാണ്ട് ഇരൂപതോളം ചിത്രങ്ങളിൽ ശശികുമാർ അഭിനയിച്ചു. ക്രൂരന്, ജഡ്ജ്മെന്റ്, മിമിക്സ് പരേഡ്, അഭയം, ദേവാസുരം, ചെങ്കോല്‍, ആദ്യത്തെ കണ്മണി, നാഗം, കുഞ്ഞിക്കുരുവി, കമ്പോളം, കുസൃതിക്കാറ്റ് തുടങ്ങി നിരവധി ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. വിജയകൃഷ്ണന് സംവിധാനം ചെയ്ത മയൂരനൃത്തം എന്ന ചിത്രത്തില്‍ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പേരാണ് നടന് അനുശോചനം അറിയിച്ചു കൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. കാര്യവട്ടം ശശി കുമാറിന്റെ നിര്യാണത്തിൽ ചലച്ചിത്ര താരം സീമ ജി നായർ ഫെയ്സ്ബുക്ക് പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്.












