കേരള സർവ്വകലാശാല വി സി നിയമനം, കടുത്ത നിലപാടുമായി ഗവര്‍ണർ; ക്വാറം തികയാതെ പിരിഞ്ഞ സെനറ്റിന്റെ വിവരങ്ങൾ തേടി
തിരുവനന്തപുരം: കേരള സർവ്വകലാശാല വി സി നിയമനത്തിൽ കടുത്ത നടപടികളുമായി ഗവർണര്‍. ക്വാറം തികയാതെ പിരിഞ്ഞ സെനറ്റ് യോഗത്തിന്റെ വിവരങ്ങൾ ഗവർണർ തേടിയിട്ടുണ്ട്. യോഗത്തിന്റെ വിശദാംശങ്ങൾ ഉടൻ നൽകണമെന്ന് ആവശ്യപ്പെട്ട് രാജ്ഭവൻ വിസിക്ക് കത്തയച്ചു. സെനറ്റ് പ്രതിനിധിയെ നിശ്ചയിക്കാൻ ഇക്കഴിഞ്ഞ 11ന് വിളിച്ച് ചേർത്ത സെനറ്റ് യോഗമാണ് ക്വാറം തികയാതെ പിരിഞ്ഞത്. തീരുമാനമെടുക്കാതെ യോഗം പിരിഞ്ഞതായി സർവകലാശാല ഗവർണറെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യോഗത്തിന്റെ വിശദാംശങ്ങൾ ഗവർണർ തേടിയത്. 91 അംഗ സെനറ്റിൽ 13 പേർ മാത്രമാണ് യോഗത്തിൽ പങ്കെടുത്തത്. ഇടത് പ്രതിനിധികൾ ഒന്നടങ്കം യോഗത്തിൽ നിന്ന് വിട്ടുനിന്നിരുന്നു. ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ നിലപാടിന്‍റെ ഭാഗമായാണ് അംഗങ്ങൾ വിട്ടുനിന്നത്. അതേസമയം ഗവർണർ നോമിനേറ്റ് ചെയ്ത പ്രതിനിധികളും വിട്ടുനിന്നിരുന്നു. ഗവർണർ നോമിനേറ്റ് ചെയ്ത ഒമ്പത് പേരിൽ രണ്ടുപേർ മാത്രമാണ് യോഗത്തിൽ പങ്കെടുത്തത്. യോഗത്തിൽ പങ്കെടുക്കാത്ത പ്രതിനിധികളെ പിൻവലിക്കാനുള്ള സാധ്യതയും ഏറെയാണ്. സെനറ്റ് പ്രതിനിധിയെ നിശ്ചയിക്കാതെ പരമാവധി വി സി നിയമനം വൈകിപ്പിക്കുക എന്ന സിപിഎം തീരുമാനത്തെ തുടർന്നായിരുന്നു ഇടത് പ്രതിനിധികൾ യോഗത്തിൽ നിന്ന് വിട്ടുനിന്നത്.












