രാജ്യത്തിന്‍റെ 50-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ഇന്ന് ചുമതലയേല്‍ക്കും
New Delhi: രാജ്യത്തിന്‍റെ 50-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. രാഷ്ട്രപതി ഭവനിൽ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുർമു രാജ്യത്തിന്‍റെ 50-ാമത് ചീഫ് ജസ്റ്റിസായ ജസ്റ്റിസ് ചന്ദ്രചൂഡിന് സത്യവാചകം ചൊല്ലിക്കൊടുക്കും.ഡി വൈ ചന്ദ്രചൂഡ് ഈ പദവിയില്‍ എത്തിയതോടെ ഒരു പുതിയ ചരിത്രം കൂടിയാണ് സൃഷ്ടിക്കപ്പെടുന്നത്. അതായത്, അദ്ദേഹത്തിന്‍റെ പ്രശസ്തനായ പിതാവ് വൈ വി ചന്ദ്രചൂഡ് ഏറ്റവും കൂടുതൽ കാലം ചീഫ് ജസ്റ്റിസായി സേവനമനുഷ്ഠിച്ച പദവിയിലാണ് ഇപ്പോള്‍ മകനും എത്തിച്ചേരുന്നത്. രാജ്യത്ത് ഏറ്റവുമധിക കാലം ചീഫ് ജസ്റ്റിസായി സേവനമനുഷ്ടിച്ച വ്യക്തിയാണ് ജസ്റ്റിസ് വൈ വി ചന്ദ്രചൂഡ്. 1978 ഫെബ്രുവരി 22 മുതൽ 1985 ജൂലൈ 11 വരെ അദ്ദേഹം ഉന്നത ന്യായപീഠത്തിന്‍റെ തലപ്പത്ത് തുടർന്നു. ജസ്റ്റിസ് ചന്ദ്രചൂഡിന് സുപ്രിം കോടതിയുടെ വിശുദ്ധ ഇടനാഴികളെക്കുറിച്ച് നന്നായി അറിയാം എന്ന് സാരം. രാജ്യത്തെ ന്യായാസനത്തിന്‍റെ ഏറ്റവും ഉന്നത പദവിയില്‍ അദ്ദേഹം രണ്ടു വര്‍ഷം അതായത്, 2024 നവംബർ 10 വരെ തുടരും. 1959 നവംബർ 11 ന് ജനിച്ച ജസ്റ്റിസ് ചന്ദ്രചൂഡ് 2016 മെയ് 13 നാണ് സുപ്രീം കോടതി ജഡ്ജിയായത്. സുപ്രീംകോടതി ജഡ്ജിമാർ വിരമിക്കുന്നത് 65 വയസസിലാണ്.












