മണ്ഡല മകരവിളക്ക് തീർഥാടനത്തിനായി ശബരിമല നട ഇന്ന് തുറക്കും
ശബരിമല: ശബരിമല ശരണംവിളികളിലേക്ക് ഉണരുകകയാണ്. മണ്ഡല മകരവിളക്ക് തീർഥാടനത്തിന്റെ ഭാഗമായി ശബരിമല നട ഇന്ന് തുറക്കും. വൈകുന്നേരം അഞ്ചു മണിക്ക് ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവരരുടെ കാർമ്മികത്വത്തിൽ മേൽശാന്തി എൻ പരമേശ്വരൻ നമ്പൂതിരി ശ്രീകോവിൽ നട തുറന്ന് ദീപം തെളിക്കും. നിലവിലെ ശബരിമല, മാളികപ്പുറം മേൽശാന്തിമാരുടെ കാലവധി ഇന്നാണ് അവസാനിക്കുന്നത്. ശബരിമലയിലെയും മാളികപ്പുറത്തേയും പുതിയ മേൽശാന്തിമാരായ കെ ജയരാമൻ നമ്പൂതിരിയുടെയും ഹരിഹരൻ നമ്പൂതിരിയുടേയും സ്ഥാനരോഹണം ഇന്ന് നടക്കും. തന്ത്രി കണ്ഠര് രാജീവരര് കലശം പൂജിച്ച് അഭിഷേകം ചെയ്താണ് മേൽശാന്തിമാരെ അവരോധിക്കുന്നത്. നിയുക്ത ശബരിമല മേൽശാന്തി കെ.ജയരാമൻ നമ്പൂതിരി ചുമതല ഏൽക്കാനായി ഇന്നലെ പുറപ്പെട്ടിട്ടുണ്ട്. ഇന്ന് പുലർച്ചെ ചെങ്ങന്നൂർ മഹാദേവ ക്ഷേത്ര ദർശനം നടത്തിയ ശേഷം പന്തളം കൊട്ടാരത്തിലെത്തും. ഇവിടെ ദർശനം നടത്തിയ ശേഷം ഒരു ഉച്ചയോടെ പമ്പയിൽ എത്തും.












