പ്രിയ വര്‍ഗീസിന്റെ നിയമനം; ഹൈക്കോടതി വിധി ഇന്ന്
കൊച്ചി: കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസറായി പ്രിയ വര്‍ഗീസിനെ നിയമിച്ചതിനെതിരായ ഹര്‍ജിയില്‍ ഹൈക്കോടതി വിധി ഇന്ന്. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാകും വിധി പറയുക. മാനദണ്ഡങ്ങള്‍ പാലിച്ചല്ല പ്രിയ വര്‍ഗീസിന്റെ നിയമനം എന്ന് കാണിച്ചാണ് ഹര്‍ജി. യുജിസി ചട്ടം ലംഘിച്ചാണ് പ്രിയ വര്‍ഗീസിനെ റാങ്ക് പട്ടികയില്‍ ഒന്നാമതാക്കിയതെന്നും പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നും രണ്ടാം റാങ്കുകാരനായ പ്രൊഫ. ജോസഫ് സ്‌കറിയ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. നിയമന ശിപാര്‍ശ നല്‍കിയത് ചട്ടങ്ങള്‍ മറികടന്നാണെന്നും പിഎച്ച്ഡി കാലയളവ് അധ്യാപന പരിചയമായി കണക്കാക്കാനാകില്ലെന്നുമാണ് യുജിയുടെ വാദം. അസോസിയേറ്റ് പ്രൊഫസറാകാനുള്ള യോഗ്യതയുണ്ടെന്ന് പ്രിയയും വാദിച്ചിരുന്നു. രണ്ട് ദിവസത്തെ വാദം കേട്ടതിന് ശേഷമാണ് കേസില്‍ ഹൈക്കോടതി വിധി പറയുന്നത്.












