‘കോടതി വിധി അനുസരിക്കും’; റാങ്ക് ലിസ്റ്റ് പുനഃക്രമീകരിക്കുമെന്ന് കണ്ണൂര്‍ വി സി
കണ്ണൂര്‍: പ്രിയ വര്‍ഗീസിന്റെ നിയമനം റദ്ദാക്കിയ കോടതി വിധി അനുസരിക്കുമെന്ന് കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രന്. കോടതി പറഞ്ഞിരിക്കുന്നത് പോലെ റാങ്ക് ലിസ്റ്റ് പുനഃക്രമീകരിക്കും. ഹൈക്കോടതി വിധിക്കെതിരെ സര്‍വ്വകലാശാല അപ്പീല്‍ നല്‍കില്ല. വിധിയിലെ തുടര്‍ നടപടി സംബന്ധിച്ച് നിയമോപദേശം തേടുമെന്നും ഗോപിനാഥ് രവീന്ദ്രന് വ്യക്തമാക്കി.പ്രിയ വര്‍ഗീസിന്റെ നിയമനത്തില്‍ നിയമോപദേശം തേടിയിരുന്നു. യോഗ്യത സംബന്ധിച്ച് യുജിസിയോടും വ്യക്തത തേടി. യുജിസി ഇതുവരെ മറുപടി നല്‍കിയിട്ടില്ല. മറുപടി നല്കിയിരുന്നെങ്കില് പ്രശ്നം ഉണ്ടാകില്ലായിരുന്നു. അപേക്ഷകള്‍ ഒരിക്കല്‍ കൂടി പരിശോധിക്കണമെന്ന് കോടതി പറഞ്ഞിരുന്നു. ഒരിക്കല്‍ കൂടി സ്ക്രീന്‍ ചെയ്ത് റാങ്ക് ലിസ്റ്റ് സിന്‍ഡിക്കേറ്റിന് മുന്നില്‍ വെക്കുമെന്നും വിസി പറഞ്ഞു.












