സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ നിർദ്ദേശം,രോഗലക്ഷണമുള്ളവരെ കോവിഡ് പരിശോധന നടത്തും
തിരുവനന്തപുരം: ചൈനയിലെ കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ കടുത്ത ജാഗ്രത നിർദ്ദേശമാണ് ഇന്ത്യയിലെ ഏല്ലാ സംസ്ഥാനാങ്ങൾക്കും നൽകിയിരിക്കുന്നത്. കേരളത്തിൽ കോവിഡ് ബാധിതർ കുറവാണെങ്കിലും ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ കേസുകളുടെ വര്‍ധന കണക്കിലെടുത്ത് ജില്ലകള്‍ക്ക് സര്‍ക്കാരിന്റെ നിര്‍ദേശമുണ്ട്. കണ്ടെത്തിയിരിക്കുന്ന പുതിയ വകഭേദത്തിന് രോഗ വ്യാപനശേഷി കൂടുതലായതിനാല്‍ ജാഗ്രതവേണമെന്നാണ് നിർദ്ദേശം.അതേസമയം സംസ്ഥാനത്തെ എല്ലാ ജില്ലകളും അവരുടെ പ്രതിരോധ പ്രവര്‍ത്തനങ്ങളും നിരീക്ഷണവും ശക്തമാക്കാന്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന റാപ്പിഡ് റെസ്പോണ്‍സ് ടീം യോഗം നിര്‍ദേശം നല്‍കിയിട്ടുണ്ട്. എല്ലാവരും വായും മൂക്കും മൂടത്തക്കവിധം മാസ്ക് ധരിക്കണമെന്നും നിർദ്ദേശമുണ്ട്.രോഗം ബാധിക്കാൻ എളുപ്പം സാധ്യതയുള്ള പ്രായമായവർ അനുബന്ധ രോഗമുള്ളർ തുടങ്ങിയവരുടെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധയും കൂടുതൽ കരുതലും വേണം. കൃത്യമായ ഇടവേളകളിൽ കൈകൾ സോപ്പുപയോഗിച്ച് വൃത്തിയാക്കണമെന്നും റാപ്പിഡ് റെസ്പോൺസ് യോഗം നിർദ്ദേശിച്ചു. വാക്സിന് എടുക്കാത്ത എല്ലാവരും വാക്സിന് എടുക്കണം. രോഗലക്ഷണമുള്ളവരെ കോവിഡ് പരിശോധന നടത്താന്‍ യോഗം നിര്‍ദേശം നല്‍കിയിട്ടുണ്ട്.












