കളമശ്ശേരി സ്ഫോടനം: പ്രതി ഡൊമിനിക് മാർട്ടിനെതിരെ യുഎപിഎ അടക്കം ഗുരുതര വകുപ്പുകള്‍;
കൊച്ചി: കളമശ്ശേരി സ്ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയ പ്രതി ഡൊമിനിക് മാർട്ടിനെതിരെ യുഎപിഎ അടക്കം ഗുരുതര വകുപ്പുകള്‍ ചുമത്തി. കളമശേരി പൊലീസ് സ്റ്റേഷനിൽ ക്രൈം നമ്പർ 2421/23 ആയി രജിസ്റ്റർ ചെയ്ത കേസിൽ ഐപിസി സെക്ഷൻ 302, 307, എക്സ്പ്ലോസീവ് ആക്ട് 3എ, യുഎപിഎ 16(1)എ എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്താണ് യഹോവ സാക്ഷി സഭാംഗമായ ഡൊമനിക് മാർട്ടിൻ എന്ന തമ്മനം സ്വദേശി സ്വമേധയാ പൊലീസിൽ കീഴടങ്ങിയത്. ഫേസ്ബുക്ക് ലൈവിലൂടെ കുറ്റസമ്മതം നടത്തിയ ശേഷമാണ് ഇയാൾ തൃശൂർ ജില്ലയിലെ കൊടകര പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്.യഹോവ സാക്ഷികൾ ദേശവിരുദ്ധ പ്രവർത്തനമാണ് നടത്തുന്നതെന്നും സഭയ്ക്കുള്ളിലെ തർക്കമാണ് ആക്രമണത്തിന് പ്രേരിപ്പിച്ചതെന്നും ഡൊമനിക് മാർട്ടിൻ പറയുന്നു. യോഗം നടക്കുന്ന സ്ഥലത്ത് രാവിലെ 9.40 ന് എത്തിയ മാർട്ടിൻ ബോംബ് വെച്ച് റിമോട്ട് ഉപയോഗിച്ച് ട്രിഗര്‍ ചെയ്യുന്ന ദൃശ്യങ്ങള്‍ ഇയാളുടെ മൊബൈലില്‍ നിന്നും ലഭിച്ചതായാണ് സൂചന.












