കേരളീയം 2023ന് തിരിതെളിഞ്ഞു
സംസ്ഥാന സർക്കാരിന്റെ കേരളീയം ആഘോഷത്തിന് തിരുവനന്തപുരത്ത് തുടക്കമായി. കമൽഹാസനും ശോഭനയും മോഹൻ ലാലും മമ്മുട്ടിയും ഉൾപ്പടെ മുഖ്യമന്ത്രിക്കൊപ്പം കലാ, സാംസ്കാരിക മേഖലയിലെ നിരവധി പ്രമുഖരും ഉദ്ഘാടന ചടങ്ങില്‍ അണിനിരന്നു. കേരളീയരെന്ന് അഭിമാനിക്കുന്ന മുഴുവനാളുകൾക്കും ആ സന്തോഷം പങ്കുവെയ്ക്കാനും ലോകത്തോട് വിളിച്ചു പറയാനുമുള്ള അവസരമാണിത്. ലോകമെങ്ങുമുള്ള കേരളീയർക്ക് ഒരുമിച്ച് ആഘോഷിക്കാൻ എല്ലാ വർഷവും കേരളീയമുണ്ടാകും. തിരുവനന്തപുരത്തിന്റെ മുഖമുദ്രയുള്ള പരിപാടിയായി കേരളീയം മാറും. കേരളീയത്തിന് മുമ്പും ശേഷവും എന്ന വിധത്തിൽ ചരിത്രമിനി രേഖപ്പെടുത്തുമെന്നാണ് കരുതുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. നമ്മുടെ നേട്ടങ്ങൾ അർഹിക്കുന്ന വിധം ലോകം തിരിച്ചറിഞ്ഞിട്ടില്ല. കേരളത്തെ ലോക സമക്ഷം അവതരിപ്പിക്കാനാണ് കേരളീയം പരിപാടിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇത്തരം ഉത്സവങ്ങളുടെ പേരിൽ ചില നഗരങ്ങൾ ലോകത്ത് അറിയപെടുന്നുണ്ട്. ആ മാതൃക നമുക്ക് പിന്തുടരാമെന്നും കേരളീയത്തെ ലോക ബ്രാൻഡാക്കുമെന്നും അദ്ദേഹം പറഞ്ഞു. ലോകത്തെ പല ഭാഗത്തെ വംശീയ സംഘർഷം തടയാനുള്ള ഒറ്റ മൂലിയാണ് ജാതി ഭേദം മത ദ്വേഷം ഇല്ലാതെ എല്ലാവരും ഒരുമിച്ചു കഴിയുന്ന കേരളമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നമുക്ക് നമ്മുടേതായ പെെതൃകമുണ്ട്. ഭൂപ്രകൃതിയിലും കാലാവസ്ഥയിലും ഭക്ഷണരീതികളിലും ആഘോഷങ്ങളിലും ആ പെെതൃകമുണ്ട്. മതനിരപേക്ഷതയിൽ ഊന്നിയുള്ള സംസ്കാരമുണ്ട്. ലോക പെെതൃകത്തിന്റെ ഒരു മിനിയേച്ചർ മാതൃക നമുക്കുണ്ടെന്ന് വിളിച്ചു പറയാനും കൂടി കേരളീയത്തിന് കഴിയണം. അതിനനുകൂലമായ മികച്ച വ്യവസായ അന്തരീക്ഷമാണിവിടെയുള്ളത്. വിദ്യാഭ്യാസ മേഖലയിലും ആരോഗ്യമേഖലയിലും കാർഷീകമേഖലയിലുമടക്കം വലിയ സാധ്യതകളാണ് നാം മുന്നോട്ടുവെയ്ക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.












