സംസ്ഥാനത്ത് കോവിഡ് കേസുകളിൽ വർധന; ജില്ലകൾക്ക് ജാഗ്രതാ നിർദ്ദേശം
സംസ്ഥാനത്ത് കോവിഡ് കേസുകളിൽ നേരിയ വർധനവ്. ഇതിന്റെ പശ്ചാത്തലത്തിൽ എല്ലാ ജില്ലകൾക്കും ആരോഗ്യവകുപ്പ് നിർദ്ദേശം നൽകി. കോവിഡ് ലക്ഷണങ്ങളോടെ ചികിത്സ തേടുന്നവരിൽ പരിശോധന ഉറപ്പാക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു. കഴിഞ്ഞ മാസത്തേക്കാൾ നേരിയ വർധനവാണ് പ്രതിദിന കോവിഡ് കേസുകളിൽ ഈ മാസം റിപ്പോർട്ട് ചെയ്തത്. 20 മുതൽ 30 വരെ കോവിഡ് കേസുകളാണ് ഈ ദിവസങ്ങളിൽ റിപോർട്ട് ചെയ്തത്. ഇതിൽ കിടത്തി ചികിത്സ ആവശ്യമായി വന്നവരുടെ എണ്ണവും നേരിയ തോതിൽ വർദ്ധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. അതേസമയം ചൈനയിൽ അജ്ഞാത വൈറസ് വ്യാപിക്കുന്നതായി റിപ്പോർട്ട് . ചൈനയിലെ വൈറസ് വ്യാപനത്തിൽ ഇന്ത്യയിൽ നിലവിൽ യാതൊരു ആശങ്കയും വേണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. മുൻകരുതൽ നടപടികളുടെ ഭാഗമായി ആശുപത്രി കിടക്കകളും വെൻറിലേറ്ററുകളും സജ്ജമാക്കാനുള്ള നിർദേശം നൽകിയിട്ടുണ്ടെന്നും കേന്ദ്രം അറിയിച്ചു. പിപിഇ കിറ്റുകളും പരിശോധന കിറ്റുകളും ശേഖരിച്ച് വെയ്ക്കാനും നിർദേശം നൽകിയിട്ടുണ്ട്. ചൈനയിലെ ശ്വാസകോശ രോഗം വ്യാപകമായി പടരുന്നതാണെന്ന തെളിവൊന്നുമില്ലെന്നും കേന്ദ്രം വ്യക്തമാക്കി.












