അംഗീകാരമില്ലാത്ത ഇംഗ്ലീഷ് മീഡിയം സ്കൂളുകള്‍ക്കെതിരെ നടപടി ഉടന്‍.
കണ്ണൂര്‍: സംസ്ഥാനത്ത് അംഗീകാരം ലഭിച്ചിട്ടില്ലാത്ത ഇംഗ്ലീഷ് മീഡിയം സ്കൂളുകള്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ആരംഭത്തില്‍ എത്ര സ്കൂളുകള്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നു വെന്നകണക്കെടുത്ത് വിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിക്കും. ഇതിനിടയില്‍ കണ്ണൂര്‍ ജില്ലയില്‍ മാത്രം സ്വയം പൂട്ടാന്‍ മുപ്പതോളം സ്കൂളുകള്‍ തയ്യാറായിക്കഴിഞ്ഞു. ഇത്തരത്തില്‍ പൂട്ടുന്ന സ്ഥാപനങ്ങളിലെ കുട്ടികള്‍ക്ക് അടുത്തുള്ള പൊതു വിദ്യാലയങ്ങളില്‍ തുടര്‍പഠനം നടത്താന്‍ കഴിയും.
തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, മലപ്പുറം തുടങ്ങിയ ജില്ലകളിലാണ് അംഗീകാരമില്ലാതെ നിരവധി സ്കൂളുകള്‍ പ്രവര്‍ത്തിക്കുന്നത്. സംസ്ഥാനത്ത് അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന സ്കൂളുകളുടെ കൃത്യമായ കണക്കുകള്‍ സര്‍ക്കാരിന്റെ കൈയിലില്ല. ഏകദേശം 1500 നും 2000 നുമിടയില്‍ വരാനാണ് സാധ്യതയുള്ളത്.
വേണ്ട സ്ഥലമോ കെട്ടിടങ്ങളോ മറ്റ് അടിസ്ഥാന സൗകര്യങ്ങളോ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ഇത്തരം സ്കൂളുകള്‍ക്ക് സിബിഎസ്ഇയുടെയോ മറ്റോ അംഗീകാരം ലഭിക്കാറില്ല. അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഇത്തരം സ്കൂളുകളില്‍ ചേരരുതെന്ന് സ്കൂള്‍ തുറക്കുന്നതിനു മുന്‍പായി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദ്ദേശം നല്‍കാറുണ്ടെങ്കിലും ഒന്നും പ്രാവര്‍ത്തികമായി വരുന്നില്ല. വിദ്യാഭ്യാസാവകാശ നിയമം കര്‍ശനമാക്കുന്നതോടെ ഇത്തരം സ്ഥാപനങ്ങള്‍ക്ക് നിലനില്പ്പില്ലാതെ വരുമെന്ന് വിദ്യാഭ്യാസ വകുപ്പും പറയുന്നു.













