നടി ആക്രമിക്കപ്പെട്ട സംഭവം : കേസ് നിർണായക വഴിത്തിരിവിലേക്കെന്ന് സൂചന
കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ഞെട്ടിപ്പിക്കുന്ന വഴിത്തിരിവുകളുണ്ടാകുമെന്ന് സൂചന . ഇന്ന് എഡിജിപി ബി സന്ധ്യ ആലുവ പോലീസ് ക്ലബ്ബില്‍ വച്ചു നടിയുടെ മൊഴി വീണ്ടും എടുത്തു. സംഭവത്തില്‍ സിനിമാ മേഖലയില്‍ നിന്നുള്ളവര്‍ക്ക് പങ്കുണ്ടെന്ന സൂചന പോലീസിന് ലഭിച്ചതിനെ തുടർന്നാണ് നടിയുടെ മൊഴി വീണ്ടും എടുത്തത് . നടിയെ ആക്രമിച്ചതിന് പിന്നിലെ ഗൂഢാലോചനയെ സംബന്ധിച്ച് പോലീസിന് വ്യക്തമായ തെളിവുകള്‍ ലഭിച്ചതായി കഴിഞ്ഞദിവസം റിപ്പോര്‍ട്ടുകൾ പുറത്തു വിട്ടിരുന്നു. പള്‍സര്‍ സുനി സഹതടവുകാരനോട് വെളിപ്പെടുത്തിയെ നിര്‍ണായക വിവരങ്ങള്‍ പോലീസിന് അറിയാൻ കഴിഞ്ഞതാണ് കേസില്‍ നിര്‍ണായക വഴിത്തിരിവിന് കാരണമായത്.
നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ മുഖ്യ പ്രതി പള്‍സര്‍ സുനി കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തിയതായാണ് ലഭിക്കുന്ന സൂചന. കാക്കനാട് ജില്ലാ ജയിലിലാണ് സുനി കഴിയുന്നത്. സുനി തന്റെ സഹ തടവുകാരോട് ആക്രമണത്തെപ്പറ്റിയും അതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെപ്പറ്റിയും വിശദമായി പറഞ്ഞതായാണ് ഇപ്പോൾ അറിയാൻ കഴിയുന്നത്. തടവുകാരില്‍ നിന്ന് ഇക്കാര്യമറിഞ്ഞ ജയില്‍ അധികൃതരാണ് അന്വേഷണ ഉദ്യോഗസ്ഥരെ ഈ വിവരം അറിയ്ച്ചത്. മുൻപ് സുനിക്കൊപ്പം ജയില്‍മുറിയില്‍ കഴിഞ്ഞ ചാലക്കുടി സ്വദേശി ജിന്‍സന്റെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. അന്വേഷണ സംഘം സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു കോടതി ഉത്തരവ്. ജയിലിനുള്ളില്‍ വെച്ച് സുനി എഴുതിയെന്ന് കരുതുന്ന ഒരു കത്ത് പുറത്തെത്തിച്ചത് ജിന്‍സനായിരുന്നു. തുടര്‍ന്ന് പോലീസ് സുനിയെയും ചോദ്യം ചെയ്തിരുന്നു. ഈ മൊഴികളുടെ അടിസ്ഥാനത്തിലാണ് ജിന്‍സനെ മജിസ്ട്രേറ്റ് മുന്‍പാകെ ഹാജരാക്കി മൊഴി രേഖപ്പെടുത്താന്‍ തീരുമാനിച്ചിരിക്കുന്നത്.
ആലുവ മജിസ്ട്രേറ്റ് കോടതി മുന്‍പാകെ ഹാജരായി മൊഴികള്‍ രേഖപ്പെടുത്താനാണ് ഉത്തരവില്‍ പരാമര്‍ശിച്ചിരുന്നത്. ഈ കേസ് പരിഗണിക്കുന്ന കോടതിക്ക് മൊഴികള്‍ മുദ്രവച്ച കവറില്‍ കൈമാറണം. നെടുമ്പാശ്ശേരി പോലീസ് രജിസ്റ്റര്‍ ചെയ്ത തട്ടിപ്പുകേസിലെ പ്രതിയാണ് ജിന്സന്. ഇയാളെ റിമാന്‍ഡു ചെയ്തിരുന്ന അതേ മുറിയിൽ തന്നെയാണ് പള്‍സര്‍ സുനിയേയും പാര്‍പ്പിച്ചത്. ജയിലില്‍ കഴിയുന്ന സമയത്ത് സുനി മറ്റു ചിലരോടും ആക്രമണം സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ വെളിപ്പെടുത്തിയതായാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്ത.