നടി ആക്രമിക്കപ്പെട്ട കേസ് അന്വേഷണം ശരിയായ ദിശയിലാണ് നീങ്ങുന്നത് – സുരേഷ് ഗോപി
പാലക്കാട്: കൊച്ചിയിൽ നടിക്കെതിരെ ആക്രമം നടത്തിയ കേസിൽ പൊലീസിന്റെ അന്വേഷണം ശരിയായ ദിശയിലാണ് നീങ്ങുന്നതെന്ന് മുതലമടയിലെ അബേദ്കർ കോളനി സന്ദർശിക്കാനെത്തിയ നടനും എം.പിയുമായ സുരേഷ് ഗോപി പറഞ്ഞു. ഉൗഹാപോഹങ്ങളുടെ അടിസ്ഥാനത്തിലുള്ള പ്രചാരണങ്ങളാണ് ഇപ്പോൾ കേസുമായി ബന്ധപ്പെട്ട് നടക്കുന്നത്. സോഷ്യൽ മീഡിയയിൽ നടക്കുന്നതും ഇതുതന്നെയാണെന്നും അദ്ദേഹം പറഞ്ഞു. പൊലീസിന്റെ അന്വേഷണം അതിന്റെ വഴിക്കു നടക്കട്ടെ. ഉദ്യോഗസ്ഥരിൽ വിശ്വാസം അർപ്പിക്കുകയാണ് ചെയ്യേണ്ടത്. കേസുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ഊഹാപോഹങ്ങള്ക്കനുസരിച്ചു അന്വേഷണം നടത്താൻ പൊലീസിന് കഴിയില്ല. സംഭവത്തിന്റെ എല്ലാ വശങ്ങളും പൊലീസ് പരിശോധിച്ചുവരികയാണ്. അന്വേഷണത്തെ വഴിതെറ്റിക്കുന്ന രീതിയിൽ സമൂഹ മാദ്ധ്യമങ്ങളിലൂടെ പ്രചരണങ്ങൾ ആരും നടത്തരുത്. ഇത്തരത്തിൽ അന്വേഷണത്തിന്റെ ദിശ വഴിമാറ്റുന്ന തരത്തിലാകരുത് മാധ്യമ പ്രവർത്തനമെന്നും സുരേഷ് ഗോപി പറഞ്ഞു.













