ദുരിത പെയ്ത്തിൽ കേരളം മുങ്ങുന്നു. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള എല്ലാ ജില്ലകളും വെള്ളക്കെട്ടുകളായി മാറി
തിരുവനന്തപുരം : നിർത്താതെ പെയ്യുന്ന ശക്തമായ മഴയിൽ കിടുങ്ങി വിറച്ചു തണുത്തു മരവിച്ചു കേരളം. ഇന്ന് മാത്രമായി സംസ്ഥാനത്ത് ഏഴു പേരാണ് മരിച്ചത്. 39 ഡാമുകൾ ഉള്ള കേരളത്തിലെ 33 ഡാമുകളും തുറന്ന അവസ്ഥയിലാണ്. തുടർച്ചയായ മഴയോടൊപ്പം ഇതുകൂടി ആയപ്പോഴാണ് കേരളം അക്ഷരാർഥത്തിൽ വെള്ളക്കെട്ടായി മാറിയത്.
സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പ്രളയത്തിൽ ഒറ്റപ്പെട്ടവരെ രക്ഷപ്പെടുത്താൻ വ്യോമ, നാവിക, കര സേനകളുടെ സഹായം തേടുമെന്ന് മുഖ്യമന്ത്രി വിളിച്ചു ചേർത്ത ഉന്നതതല യോഗം തീരുമാനിച്ചു.
ചെറുതോണി അണക്കെട്ടിന്റെ എല്ലാ ഷട്ടറുകളും തുറന്നതോടെ ആലുവ പ്രളയത്തിൽ മുങ്ങിക്കഴിഞ്ഞു. മുല്ലപ്പെരിയാറിന്റെ ജലനിരപ്പ് 142 അടിയായി ഉയർന്ന സാഹചര്യത്തിൽ അതീവ ജാഗ്രതാ നിർദ്ദേശം നല്കിയിട്ടുണ്ട്. വൃഷ്ടി പ്രദേശങ്ങളിൽ മഴ ശക്തമായി പെയ്യുന്നതിനാൽ ജലനിരപ്പ് ഉയർന്നുകൊണ്ടിരിക്കയാണ്. മലപ്പുറം, വയനാട്, കോഴിക്കോട്, ഇടുക്കി, ജില്ലകളിൽ ഉരുൾപൊട്ടൽ വ്യാപകമാകുന്നു.സംസ്ഥാനത്തെ പല ജില്ലകളിലും പാലങ്ങളും റോഡുകളും തകർന്ന അവസ്ഥയിലാണ്.












