ഇന്ത്യ കോവിഡ് സുരക്ഷിതയിടം, പാത്രം കൊട്ടിയപ്പോഴും ദീപം തെളിയിച്ചപ്പോഴും ഇന്ത്യയുടെ ഐക്യം വെളിപ്പെട്ടുവെന്ന് പ്രധാനമന്ത്രി
ഇന്ത്യയെ കോവിഡ് സുരക്ഷിതയിടമായി ലോകം കാണുന്നുവെന്നും എല്ലാവര്‍ക്കുമൊപ്പം എല്ലാവരുടെയും വികസനമെന്ന മുദ്രാവാക്യത്തിന്റെ ഉദാഹരണമാണ് ഇന്ത്യയുടെ വാക്‌സിനേഷന്‍ ക്യാമ്പയിന്‍ എന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. രാജ്യത്തെ കോവിഡ് വാക്‌സിനേഷന്‍ 100 കോടി പൂര്‍ത്തിയാക്കിയതിന് ശേഷം ഇന്ന് രാവിലെ 10 ന് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. കൊറോണ പ്രതിരോധത്തിന്റെ ആദ്യ പടിയായി ജനങ്ങളുടെ ഒരുമിച്ചുള്ള പങ്കാളിത്തം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പാത്രം കൊട്ടാനും ദീപം തെളിയിക്കാനും ആവശ്യപ്പെട്ടത്. ഇത് രോഗത്തെ പ്രതിരോധിക്കാന്‍ സഹായിക്കുമോ എന്നായിരുന്നു ചിലര്‍ ഇതേ സംബന്ധിച്ച് ഉന്നയിച്ച ചോദ്യമെന്നും പ്രധാനമന്ത്രി പറഞ്ഞു. 100 കോടി വാക്‌സിനെന്നത് ഒരു സംഖ്യ അല്ലെന്നും ചരിത്രത്തിലെ പുതിയ അദ്ധ്യായമാണെന്നും പറഞ്ഞ പ്രധാനമന്ത്രി വി ഐ പി സംസ്‌കാരം വാക്‌സിനേഷന്റെ കാര്യത്തില്‍ ഒഴിവാക്കാനായി എന്നും പരാമര്‍ശിച്ചു. ഒരോ ഇന്ത്യന്‍ പൗരനും ഈ വിജയം അവകാശപ്പെട്ടതാണെന്നും ഇന്ത്യയുടെ വാക്‌സിനേഷന്‍ ക്യാമ്പയിന്‍ ശാസ്ത്രത്തെ അടിസ്ഥാനമാക്കിയാണ് പുരോഗമിച്ചതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി കൂട്ടീച്ചേര്‍ത്തു.













