ഐ ടി പാര്‍ക്കുകളില്‍ വൈന്‍ പാര്‍ലറുകളും തുടങ്ങുമെന്ന് മുഖ്യമന്ത്രി
സംസ്ഥാനത്തെ ഐ ടി പാര്‍ക്കുകളില്‍ വൈ പാര്‍ലറുകള്‍ തുടങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഐ ടി പാര്‍ക്കുകളില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്ന വിവിധ കമ്പനികളുടെ പ്രതിനിധികള്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പബ്ബ് ഇല്ലാത്തത് പ്രധാന പോരായ്മയായി ചൂണ്ടിക്കാട്ടുന്നുവെന്നും നിയമസഭയില്‍ മുഖ്യമന്ത്രി പറഞ്ഞു. ഇത് കണക്കിലെടുത്താണ് വൈന്‍ പാര്‍ലറുകള്‍ തുടങ്ങാനുള്ള തിരുമാനം. കോവിഡ് പ്രതിസന്ധിയില്‍ ഐ ടി കമ്പനികള്‍ വര്‍ക്ക് ഫ്രം ഹോം മോഡിലേക്ക് മാറ്റിയതോടെയാണ് തുടര്‍നടപടികള്‍ ഇക്കാര്യത്തില്‍ നിലച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ഐ ടി പാര്‍ക്കുകളില്‍ ജോലി ചെയ്യുന്ന യുവാകള്‍ക്ക് മറ്റ് സംസ്ഥാനങ്ങളിലെ ഐ ടി പാര്‍ക്കുകളില്‍ ലഭ്യമായ സൗകര്യങ്ങള്‍ ഇവിടെയും ലഭിക്കണമെന്ന് ആഗ്രഹമുണ്ടാകുമെന്നും ഇത് പോരായ്മയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയിലെ ചോദ്യോത്തര വേളയില്‍ കുറുക്കോളി മൊയ്തീന് എം എല്‍ എ യുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാനത്തെ ഒരോ ഐ ടി പാര്‍ക്കിനും സി ഇ ഒ മാരെ നിയമിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കി.
ഒന്നര ലക്ഷം പേരാണ് സംസ്ഥാനത്ത് ഐ ടി മേഖലയില്‍ ജോലി ചെയ്യുന്നത്. നിലവില്‍ തിരുവനന്തപുരത്തെ ടെക്നോപാര്‍ക്കിലെ ഗസ്റ്റ് ഹൗസില്‍ ഒരു ബിയര്‍ പാര്‍ലര്‍ പ്രവര്‍ത്തിക്കുന്നുണ്ട്.













