ബീഫ് പ്രതിഷേധം നയിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തില്‍ തന്ത്രപരമായ നീക്കങ്ങള്‍.
തിരുവനന്തപുരം: ഇറച്ചി മാടുകളുടെ വില്‍പ്പനയില്‍ നിയന്ത്രണ മേര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയ്ക്കെതിരെ മറ്റു സംസ്ഥാനങ്ങളുടെ പിന്തുണ തേടി കേരളമുഖ്യമന്ത്രിയുടെ തന്ത്രപരമായനീക്കം. സംസ്ഥാനങ്ങളുടെ അധികാരത്തിനുമേല്‍, കേന്ദ്രത്തിന്‍റെ കടന്നു കയറ്റമാണിതെന്നും ഒന്നിച്ചു നീങ്ങണമെന്നും ആവശ്യപ്പെട്ടുകൊണ്ട് മറ്റു മുഖ്യമന്ത്രിമാര്‍ക്കെല്ലാം പിണറായി വിജയന്‍ കത്തയച്ചു.
ഇതിനിടയില്‍ പ്രതിഷേധങ്ങളെ തണുപ്പിക്കുന്നതിനുവേണ്ടി പോത്തിനെയും എരുമയേയും നിരോധിത പട്ടികയില്‍ നിന്നും ഒഴിവാക്കാന്‍ കേന്ദ്രം ആലോചിക്കുന്നുണ്ട്. വിദേശ പര്യാടനം നടത്തുന്ന കേന്ദ്രവനം, പരിസ്ഥിതി മന്ത്രി പ്രകാശ് ജാവഡേക്കര്‍ തിരിച്ചെത്തിയാലുടന്‍ തന്നെ ഇതു സംബന്ധിച്ചുള്ള തീരുമാനമുണ്ടാകും.
അടിച്ചേല്‍പ്പിക്കപ്പെടുന്ന ഇത്തരം നിയന്ത്രണങ്ങള്‍ ഭരണഘടനാപരമായി നിലനില്‍ക്കില്ലെന്നും ഭക്ഷണം തെരഞ്ഞെടുക്കാനുള്ള വ്യക്തി സ്വാതന്ത്ര്യത്തെ ഈ നിയന്ത്രണം ലംഘിക്കുന്നതായും പിണറായി വിജയന്‍ ആരോപിച്ചിട്ടുണ്ട്. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും കേന്ദ്രത്തിന്‍റെ ഈ നീക്കത്തെ ശക്തമായി അപലപിച്ചിട്ടുണ്ട്. സംസ്ഥാനങ്ങളുടെ പ്രതിഷേധം ശക്തമാക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രം ഇളവിനുള്ള നീക്കം ആരംഭിച്ചിട്ടുള്ളത്.