ചന്ദ്രബോസ് വധക്കേസിലെ പ്രതി നിഷാമിന് ജയിലില്‍ ആഡംബര സൗകര്യങ്ങള്‍: സര്‍ക്കാരില്‍ നിന്നും നീതി ലഭിക്കുന്നില്ലെന്ന് ചന്ദ്രബോസിന്റെ കുടുംബം.
തിരുവനന്തപുരം: ചന്ദ്രബോസ് വധക്കേസിലെ പ്രതിയായ നിസാമിന് കണ്ണൂര്‍ ജയിലില്‍ ആഡംബര സൌകര്യങ്ങളാണ് ലഭിക്കുന്നതെന്ന് ചന്ദ്രബോസിന്റെ കുടുംബം ആരോപണ മുന്നയിച്ചു. ചന്ദ്രബോസിന്റെ മകന് അമല്‍ദേവ്, മുഖ്യമന്ത്രിയ്ക്ക് കൈമാറിയ കത്തിലാണ് ഇത്തരം ആരോപണമുന്നയിച്ചിട്ടുള്ളത്. കേസുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സുഗമമായി നടന്നിരുന്നുവെന്നും എന്നാല്‍ പിണറായി സര്‍ക്കാര്‍ ഇതിനുവേണ്ട തുടര്‍ നടപടികളൊന്നും ചെയ്യുന്നില്ലെന്നും കത്തില്‍ പറയുന്നു.
അഡ്വ: സിപി ഉദയഭാനുവിനെ സ്പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിക്കണമെന്നാവശ്യപ്പെട്ട് തങ്ങള്‍ മുഖ്യമന്ത്രിയെ സമീപിച്ചിരുന്നെങ്കിലും അനുകൂലമായ മറുപടി ഇതുവരെ മുഖ്യമന്ത്രിയുടെ ഭാഗത്തു നിന്നും ഉണ്ടായില്ലെന്നും കത്തില്‍ ആരോപിക്കുന്നു. തന്റെ പണസ്വാധീനം ഉപയോഗിച്ച് നിഷാം കണ്ണൂര്‍ ജയിലില്‍, കുറ്റവാളികള്‍ക്ക് ലഭിക്കുന്നതിലുപരി സുഖസൌകര്യങ്ങള്‍ അനുഭവിക്കുന്നതായും ശിക്ഷയില്‍ നിന്നും ഇളവ് നേടി പുറത്തു വരാന്‍ നിഷാമും കാണിച്ചു കൂട്ടുന്നതെല്ലാം ദിനം പ്രതി മാധ്യമങ്ങളില്‍ വാര്‍ത്തയായി നിറയുന്നു വെന്നും കത്തില്‍ പറയുന്നു.
തന്റെ അച്ഛന് നീതി നഷ്ടപ്പെടാതിരിക്കാന്‍ ഉദയഭാനുസാറിനെ കേസിന്റെ ഇനിയുള്ള നടത്തിപ്പിന് ചുമതലപ്പെടുത്തിത്തരണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നുവെന്നും അമല്‍ ദേവ് മുഖ്യമന്ത്രിയ്ക്ക് കൈമാറിയ കത്തില്‍ ആവശ്യപ്പെടുന്നു.













