ജൂണ്‍ 5: ഇന്ന് ലോക പരിസ്ഥിതി ദിനം.
നമ്മുടെ നാട്ടില്‍ നിന്നും ദിനം പ്രതി നശിച്ച് അപ്രത്യക്ഷമായികൊണ്ടിരിക്കുന്ന പച്ചപ്പിനെ പുനരുജ്ജീവിപ്പിച്ച് ജനങ്ങളെ പരിസ്ഥിതിയുമായി ബന്ധപ്പെടുത്തുക. ആവാസവ്യവസ്ഥയ്ക്കും പ്രകൃതിയ്ക്കും നാശം വരുത്തുന്ന മാലിന്യവസ്തുക്കളെ ഒഴിവാക്കി പുഴകളെയും തോടുകളെയും നിലനിര്‍ത്തി മനുഷ്യനുമായി അവയുടെ ബന്ധം ഊട്ടി ഉറപ്പിക്കുക. ഈ ലക്ഷ്യത്തോടുകൂടിയാണ് ഇത്തവണ പരിസ്ഥിതി ദിനം ആചരിക്കുന്നത്.
1974 മുതല്‍ ഐക്യരാഷ്ട്രസഭയുടെ ആഹ്വാനമനുസരിച്ചാണ് എല്ലാ വര്‍ഷവും ജൂണ്‍ 5 പരിസ്ഥിതി ദിനമായി ആചരിക്കുന്നത്. കാര്‍ബണ്‍ പുറം തള്ളല്‍ കുറയ്ക്കുന്നതിനും അതിലൂടെ ആഗോള താപനം ഘട്ടം ഘട്ടമായി കുറച്ചു കൊണ്ട് വരുന്നതിനുമായിട്ടാണ് 2015ല്‍ പാരീസില്‍ ചേര്‍ന്ന ലോക രാജ്യങ്ങളുടെ സമ്മേളനം തീരുമാനമെടുത്തത്. എന്നാല്‍ കാര്‍ബണ്‍ പുറം തള്ളലില്‍ രണ്ടാമത് നില്ക്കുന്ന അമേരിക്ക ഈ പാരീസ് ഉടമ്പടിയില്‍ നിന്നും പിന് മാറുന്നു വെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ പ്രഖ്യാപനം.
പരിസ്ഥിതിദിനമായി ആചരിച്ചു തുടങ്ങിയിട്ട് നാല് പതിറ്റാണ്ട് പിന്നിടുമ്പോള്‍ ഈ ദിനത്തിന്റെയും വിഷയത്തിന്റെ പ്രാധാന്യം കൂടികൂടിവരുകയാണ്.













