നടിയെ ആക്രമിച്ച കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി ചിലർ പണംതട്ടാൻ ശ്രമിച്ചെന്ന ദിലീപിന്റെ പരാതിയിൽ പൊലീസ് മൊഴിയെടുത്തു.
ആലുവ ∙ നടിയെ ആക്രമിച്ച കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി ചിലർ പണംതട്ടാൻ ശ്രമിച്ചെന്ന ദിലീപിന്റെ പരാതിയിൽ പൊലീസ് മൊഴിയെടുത്തു. എഡിജിപി ബി. സന്ധ്യയുടെ നേതൃത്വത്തിലുള്ള സംഘമാണ് ആലുവ പൊലീസ് ക്ലബ്ബിൽ നടൻ ദിലീപിന്റെയും സുഹൃത്ത് നാദിർഷയുടെയും മാനേജര്‍ അപ്പുണ്ണിയുടെയും മൊഴിയെടുത്തത് .
ദിലീപിനെയും നാദിർഷയെയും വെവ്വേറെ ഇരുത്തിയാണ് പൊലീസ് മൊഴിയെടുക്കുന്നത്. ബ്ലാക്മെയിൽ, നടിയെ ആക്രമിച്ച കേസ് എന്നിങ്ങനെ രണ്ടു സംഭവത്തിലും മൊഴിയെടുക്കുന്നതായാണു വിവരം. ഇരുവരും സഹകരിക്കുന്നുണ്ടെന്നു പൊലീസ് അറിയിച്ചു. ദിലീപ് തനിക്കറിയാവുന്ന നിരവധി കാര്യങ്ങൾ പറഞ്ഞെന്നാണ് സൂചന. പൾസർ സുനി പറഞ്ഞ കാര്യങ്ങളും പൊലീസ് ചോദിച്ചറിയുന്നുണ്ട്. ” ഒരു കാര്യം തുറന്നു പറയാം, ആർക്കും വിഷമമൊന്നും തോന്നരുത്, ചിലരുടെ മാധ്യമ വിചാരണയ്ക്കു നിന്നുകൊടുക്കാൻ എനിക്കു നേരമില്ല. എനിക്കു പറയാനുള്ളത് പൊലീസിനോടും കോടതിയോടും ഞാൻ പറഞ്ഞോളാം. എന്നെ പ്രതിയാക്കാൻ ചിലർ ശ്രമം നടത്തുന്നുണ്ട്. അതൊന്നും നടക്കാൻ പോകുന്നില്ല. ഞാനിപ്പോൾ പോകുന്നത് എന്റെ പരാതിയിൽ മൊഴികൊടുക്കാനാണ്’’– ആലുവ പൊലീസ് ക്ലബിലേക്കു പോകുന്നതിനു മുമ്പ് ദിലീപ് പറഞ്ഞു. തന്നെ ബ്ലാക്മെയിൽ ചെയ്യാൻ ശ്രമം നടക്കുന്നുണ്ടെന്നു ചൂണ്ടിക്കാട്ടി രണ്ടു മാസം മുമ്പാണു ദിലീപ് പരാതി നൽകിയിരുന്നത്. എന്നാൽ ഇതുവരെ ദിലീപിന്റെ മൊഴി രേഖപ്പെടുത്താൻ പൊലീസ് തയാറായിരുന്നില്ല. ഇതിൽ താരം കടുത്ത അതൃപ്തി അറിയിച്ചിരുന്നു. അന്നു ഡിജിപി ആയിരുന്ന ലോക്നാഥ് ബെഹ്റയ്ക്ക് നേരിട്ടാണു ദിലീപ് പരാതി നൽകിയിരുന്നത്. കേസിൽ കുടുക്കുമെന്നു ഭീഷണിപ്പെടുത്തി തന്നിൽനിന്നു പണം തട്ടാൻ ശ്രമം നടക്കുന്നുണ്ടെന്നായിരുന്നു ദിലീപിന്റെ ആരോപണം. വിഷ്ണുവെന്നയാൾ ഭീഷണിപ്പെടുത്തിയെന്നായിരുന്നു ദിലീപിന്റെ പരാതി. എന്നാൽ വിഷ്ണുവല്ല, പൾസർ സുനി തന്നെയാണു ഫോൺ വിളിച്ചതെന്നു പിന്നീട് കണ്ടെത്തിയിരുന്നു.
അതിനിടെ, ദിലീപിനെ ഭീഷണിപ്പെടുത്താൻ വിഷ്ണുവിനു പൾസർ സുനി രണ്ടു ലക്ഷം രൂപ വാഗ്ദാനം ചെയ്തിരുന്നതായി വെളിപ്പെടുത്തൽ. ഭീഷണിക്കത്ത് കൈമാറുന്നതിനും ഫോൺ വിളിക്കുന്നതിനുമാണു പണം വാഗ്ദാനം ചെയ്തത്. എന്നാൽ പിടിക്കപ്പെടുമെന്നായപ്പോൾ കത്ത് വിഷ്ണു പൊലീസിനു കൈമാറുകയായിരുന്നു. സുനി, ദിലീപിന് എഴുതിയെന്നു കരുതുന്ന കത്ത് കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. തനിക്കു തരാമെന്നേറ്റ പണം നൽകണമെന്നും ദിലീപിന്റെ പേരു പറയാൻ പുറത്തുനിന്നും പല സമ്മർദവുമുണ്ടെന്നുമായിരുന്നു കത്തിൽ പറഞ്ഞിരുന്നത്. ദിലീപിനെ ഭീഷണിപ്പെടുത്താന്‍ സുനി നാദിര്‍ഷയെയും അപ്പുണ്ണിയെയും ബന്ധ പ്പെട്ടിരുന്നതിനാലാണ് ഇവരെയും കൂടി മൊഴിയെടുക്കാന്‍ വിളിച്ചത് . മുന്‍കൂര്‍ തയ്യാറാക്കിയ ചോദ്യങ്ങളുടെ അടിസ്ഥാനത്തിലാണ് മൂവരെയും ഒന്നിച്ച് ഇരുത്തിയും വേവ്വേറെയും മൊഴികള്‍ എടുത്തത് എന്നാണു സൂചന .













