വിജിലൻസ് ഡയറക്ടർ ലോക്നാഥ് ബെഹ്റയെ പോലീസ് തലപ്പത്ത് നിയമിക്കാന്‍ നീക്കമുള്ളതായി റിപ്പോര്‍ട്ട്
തിരുവനന്തപുരം: സുപ്രീംകോടതി ഉത്തരവിനെത്തുടർന്ന് ടി.പി.സെൻകുമാർ പൊലീസ് മേധാവിയായപ്പോൾ സ്ഥാനമൊഴിയേണ്ടി വരുകയും ഇപ്പോള്‍ വിജിലന്‍സ് ഡയറക്ടറുമായ ലോകനാഥ് ബെഹ്റയെ വീണ്ടും പോലീസ് മേധാവി സ്ഥാനത്തേക്ക് കൊണ്ട് വരാനായി ചീഫ് സെക്രട്ടറി നളിനി നെറ്റോ ഉള്‍പ്പെടുന്ന സേര്‍ച്ച് കമ്മിറ്റി ശുപാര്‍ശ ചെയ്യുന്നതായി റിപ്പോര്‍ട്ട്. ഇന്നത്തെ മന്ത്രിസഭാ യോഗം ഈ ശുപാർശ പരിഗണിച്ചേക്കും. ബെഹ്റയ്ക്കു പുറമേ ഡി.ജി.പിമാരായ ജേക്കബ് തോമസ്, അരുൺകുമാർ സിൻഹ (സീനിയർ) എന്നിവരും പരിഗണനയിലാണ്.
ടി.പി.സെൻകുമാർ കഴിഞ്ഞാൽ ഏറ്റവും മുതിർന്നയാൾ 1984 ബാച്ചിലെ സിൻഹയാണ്. റിസർച്ച് ആൻഡ് അനാലിസിസ് വിംഗിൽ അമേരിക്കയിലായിരുന്ന സിൻഹ ഡെപ്യൂട്ടേഷൻ പൂർത്തിയാക്കി മടങ്ങിയെത്തിയെങ്കിലും പ്രധാനമന്ത്രിയുടെ ഓഫീസിൽ അറ്റാച്ച് ചെയ്തിരിക്കുകയാണ്. അദ്ദേഹത്തിന് 2018 ഒക്ടോബർ വരെ കാലാവധിയുണ്ടെങ്കിലും കേരളത്തിലേക്ക് മടങ്ങിയെത്തിയിട്ടില്ല. പക്ഷേ, പൊലീസ് മേധാവി സ്ഥാനത്തേക്ക് തന്നെ പരിഗണിക്കണമെന്ന് മടങ്ങിവരാൻ സന്നദ്ധതയറിയിച്ച് രേഖാമൂലം നൽകിയ കത്തിൽ സിൻഹ ആവശ്യപ്പെട്ടിരുന്നു.
ഐ.എം.ജി ഡയറക്ടർ ജനറൽ ജേക്കബ് തോമസിന് 2020 മേയ് വരെ കാലാവധിയുണ്ട്. പൊലീസ് മേധാവിയുടേത് സെലക്ഷ ൻ തസ്തികയാണെന്നതിനാൽ സീനിയോറിട്ടി മറികടന്ന് മൂന്നാം സ്ഥാനത്തുള്ള ബെഹ് റയ്ക്ക് നിയമനം നൽകുന്നത് നിയമക്കുരുക്കിന് വഴിവയ്ക്കും. ജേക്കബ്തോമസിന്റെ സീനിയോറിട്ടി മറികടന്നത് എങ്ങനെയാണെന്ന് വിശദീകരണ നോട്ട് സെർച്ച് കമ്മിറ്റിക്ക് തയ്യാറാക്കേണ്ടി വരും. കേഡറിൽ തിരിച്ചെത്തിയിട്ടില്ലാത്തതിനാലാണ് അരുണ്‍ കുമാറിനെ പരിഗണി ക്കാത്തതിന് കാരണം കാണിക്കാം . തന്നെക്കാൾ ശമ്പളം കൂടുതലുള്ള പദവിയിൽ ആരെയെങ്കിലും നിയമിച്ചാൽ കോടതിയെ സമീപിക്കുമെന്ന് ജേക്കബ് തോമസ് വ്യക്തമാക്കിയിട്ടുണ്ട്.













