ഇന്ത്യ- ചൈന അതിര്‍ത്തി സംഘര്‍ഷഭരിതം. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനയുടെ പടക്കപ്പലുകള്‍
ന്യൂഡൽഹി∙ സിക്കിം അതിർത്തിയിലേക്ക് ഇന്ത്യ അയച്ച സൈനികരെ പിൻവലിക്കണമെന്നു ആവശ്യപ്പെട്ടതിനു പിന്നാലെ ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈനയുടെ പടക്കപ്പ ലുകളുടെ സാന്നിധ്യം കണ്ടെത്തിയത്. ഇന്ത്യയുടെ നാവിക സാറ്റലൈറ്റ് രുക്മിണി (ജിസാറ്റ്–7), പൊസീഡൻ–81 എന്ന ദീർഘദൂര നാവികവിമാനം എന്നിവയുടെ പരിശോധനയിലാണു മുങ്ങിക്കപ്പലുകൾ അടക്കമുള്ള ചൈനയുടെ നാവികസന്നാഹങ്ങൾ കണ്ടെത്തിയത്. ഏറ്റവും പുതിയ ലുയാങ്–3 വിഭാഗത്തിലുള്ള മിസൈൽ നശീകരണ മുങ്ങിക്കപ്പലുകൾ ഉൾപ്പെടെയുള്ളവ കൂട്ടത്തിലുണ്ടെന്നാണു വിവരം. രണ്ടു മാസത്തിനിടെ 13 ചൈനീസ് പടക്കപ്പലുകളെയാണ് പല സമയങ്ങളിലായി ഇന്ത്യൻ മഹാസമുദ്രത്തിൽ കണ്ടെത്തിയതെന്നാണ് റിപ്പോർട്ട്. കാര്യങ്ങൾ വേണ്ടവിധം കൈകാര്യം ചെയ്തില്ലെങ്കിൽ അതിർത്തി സംഘർഷം യുദ്ധത്തിലേക്കു നീങ്ങാമെന്ന സൂചന ഔദ്യോഗിക പത്രമായ ഗ്ലോബൽ ടൈംസിലൂടെ ചൈന നൽകിയ പശ്ചാത്തലത്തിൽ അതീവ ഗൗരവത്തോടെയാണ് സംഭവത്തെ കാണുന്നത്. സിക്കിം അതിർത്തിയിൽ ചൈനയുടെ പട്ടാളം നിർമിക്കുന്ന പാതയുടെ പണി തടസ്സപ്പെടുത്താനുള്ള ഇന്ത്യൻ സൈന്യത്തിന്റെ നീക്കം വഞ്ചനയാണെന്നു ചൈന ആരോപിച്ചു. ഇതോടെ അതിർത്തിയിൽ സംഘർഷം മുറുകുകയാണ്. ചൈനയുടെ പട്ടാളം നിർമിക്കുന്ന പാതയുടെ പണി തടസ്സപ്പെടുത്താനുള്ള ഇന്ത്യൻ സൈന്യത്തിന്റെ പുതിയ നീക്കം ഇന്ത്യയിലെ സർക്കാരുകൾ തുടർച്ചയായി സ്വീകരിച്ചിരുന്ന നിലപാടുകളെ ഒറ്റിക്കൊടുക്കലാണെന്നു ചൈനീസ് വിദേശകാര്യമന്ത്രാലയ വക്താവ് ജനറൽ ഷുവാങ് ചൂണ്ടിക്കാട്ടി.
2017ലെ ഇന്ത്യ 1962ലെ ഇന്ത്യയിൽനിന്നു വ്യത്യസ്തമാണെന്ന ഇന്ത്യൻ പ്രതിരോധമന്ത്രി അരുൺ ജയ്റ്റ്ലിയുടെ പ്രസ്താവനയോട് ‘ചൈനയും പഴയ ചൈനയല്ലെ’ന്നും തങ്ങളുടെ പ്രദേശങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ചൈനയ്ക്ക് അറിയാമെന്നും ജനറൽ ഷുവാങ്ങും പ്രതികരിച്ചു. ഇന്ത്യയെ ഉന്നമിട്ട് അറബിക്കടലിൽ ചൈനയും പാക്കിസ്ഥാനും ആഴ്ചകൾക്കു മുമ്പ് സംയുക്ത നാവികപരിശീലനം നടത്തിയിരുന്നു. നാലു ദിവസത്തെ പരിശീലനത്തിനായി ചൈനയുടെ മൂന്നു പടക്കപ്പലുകൾ അടക്കമുള്ള സേനയാണ് എത്തിയത്. .













