ഇന്ത്യ ബലാൽസംഗത്തിന്റെ നാടായി മാറുന്നോ : രാജ്യത്ത് വർദ്ധിച്ചു വരുന്ന ബലാൽസംഗത്തിൽ ആശങ്ക അറിയിച്ചു സുപ്രീം കോടതി
ന്യൂഡൽഹി : ഓരോ മണിക്കൂറിനുള്ളിലും ബലാൽസംഗങ്ങൾ ഇന്ത്യയിൽ പതിവാകുമ്പോൾ രാജ്യത്ത് എന്താണ് സംഭവിക്കുന്നതെന്നു സുപ്രീം കോടതി ചോദിക്കുന്നു. ഇന്ത്യയിൽ ഒരു ദിവസം മണിക്കൂറിൽ നാലു സ്ത്രീകൾ വീതം ബലാൽസംഗത്തിനിരയാകുന്നുണ്ടെന്നും ഇത്തരത്തിൽ ഒരു വർഷം 38000ബലാൽസംഗ കേസുകൾ രജിസ്റ്റർ ചെയ്യുന്നുണ്ടെന്നും കോടതി പറഞ്ഞു. ഈ സ്ഥിതി വിശേഷം ആശങ്ക ജനകം ആണെന്നും ജസ്റ്റിസ് മദൻ ബി ലോക്കൂർ അധ്യക്ഷനായ ബഞ്ച് അറിയിച്ചു.
രാജ്യത്ത് എല്ലായിടത്തും ഇത്തരത്തിൽ ബലാൽസംഗങ്ങൾ എന്തു കൊണ്ടാണെന്നും നമ്മുടെ രാജ്യത്ത് എന്താണ് സംഭവിക്കുന്നത് എന്നും കോടതി ചോദിച്ചു.
ബീഹാറിൽ മുസാഫിർ പൂരിലെ ബാലികാ നിലയത്തിൽ നടന്ന പീഡനവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവേയായിരുന്നു ക്രൈം റിക്കോഡ്സ് ബ്യൂറോയുടെ കണക്കുകൾ ചൂണ്ടിക്കാട്ടിയുള്ള കോടതിയുടെ നിരീക്ഷണങ്ങൾ












