വയനാട് വൈത്തിരിയിൽ ഉരുൾ പൊട്ടലിൽ കനത്ത നാശനഷ്ടം
കൽപ്പറ്റ :കനത്ത മഴയെ തുടർന്ന് വയനാട് വൈത്തിരി പോലീസ്‌സ്റ്റേഷനു സമീപം ഉരുൾ പൊട്ടലുണ്ടാവുകയും പോലീസ് സ്റ്റേഷന് കേടുപാടുകൾ ഉണ്ടാവുകയും ചെയ്തു. ഇതേ തുടർന്ന് സ്റ്റേഷനുൾവശം മണ്ണ് കൊണ്ട് നിറഞ്ഞു കിടക്കുകയാണ്
വൈത്തിരിയിലെ ലക്ഷം വീട് കോളനിയിൽ മൂന്ന് വീടുകൾ തകരുകയും ഏഴു വീടുകൾ ഭാഗികമായി തകരുകയും ചെയ്തു. മണ്ണിടിച്ചിൽ ഇപ്പോഴും തുടരുകയാണ്. വീടിനുള്ളിൽ ഒരാൾ കുടുങ്ങി കിടപ്പുണ്ടെന്ന സംശയത്താൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
ബാണാസുര സാഗർ അണക്കെട്ടിന്റെ രണ്ട് ഷട്ടറുകളും തുറന്നിട്ടിരിക്കയാണ്. ഡാമിന് താഴെയുള്ള പ്രദേശങ്ങളെല്ലാം വെള്ളപ്പൊക്ക ഭീഷണി നേരിടുകയാണ്.
വയനാട് ജില്ലയിലെ മറ്റു ഭാഗങ്ങളിലും വെള്ളം ഉയർന്നുകൊണ്ടിരിക്കയാണ്. താമരശ്ശേരി ഒൻപതാം വളവിൽ മണ്ണിടിഞ്ഞു ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടതിനാൽ യാത്രക്കാർ ചുരത്തിൽ കുടുങ്ങി കിടക്കുകയാണ്.