ഓഗസ്ററ് 15 വരെ കനത്ത മഴ : അതീവ ജാഗ്രത തുടരണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം : കനത്ത മഴ ഓഗസ്റ്റ് 25 വരെ തുടരുമെന്ന മുന്നറിയിപ്പ് കണക്കിലെടുത്ത് അതീവ ജാഗ്രത തുടരേണ്ടതുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ദുരന്ത നിവാരണത്തിലും ദുരിതാശ്വാസത്തിലും ഏർപ്പെട്ടിരിക്കുന്ന എല്ലാ സർക്കാർ ഏജൻസികളോടും ജില്ലാ കളക്ടർമാരോടും ആണ് മുഖ്യമന്ത്രി ഈ നിർദേശം അറിയിച്ചത്.
മഴയുടെ തോതിൽ കുറവ് വന്നതും ഇടുക്കി, ഇടമലയാർ അണക്കെട്ടുകളിൽ ജലനിരപ്പ് താഴ്ന്നു തുടങ്ങിയതും ആശ്വാസത്തിന് വക നല്കുന്നു. ശനിയാഴ്ച വൈകുന്നേരം വരെയുള്ള കണക്കനുസരിച്ചു അമ്പത്തിഏഴായിരത്തിലധികം പേർ സംസ്ഥാനത്ത് 457 ദുരിതാശ്വാസക്യാമ്പുകളിലായി കഴിയുകയാണ്.
സർക്കാർ സ്വീകരിച്ച മുൻകരുതലും സമയോചിതമായ ഇടപെടലുകളും എല്ലാ വകുപ്പുകളെയും ഏകോപിച്ചുകൊണ്ടുള്ള പ്രവർത്തനവും മൂലം ദുരന്തത്തിന്റെ ആഘാതം കുറയ്ക്കാൻ കഴിഞ്ഞു. ജനങ്ങളും സർക്കാരുമായി സഹകരിച്ചു പോകുന്നുണ്ട്.
ദുരിതാശ്വാസ ക്യാമ്പുകളിലെ പ്രവർത്തനം മാതൃകാപരമാണെന്നും എല്ലാ ക്യാമ്പുകളിലും ഭക്ഷണവും ശുദ്ധ ജലവും ലഭ്യമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.












