എന്നെ ക്രിസ്ത്യാനിയാക്കിയ ജനം ടിവി മാപ്പുപറഞ്ഞില്ലെങ്കിൽ കേസ് കൊടുക്കും; തൃപ്തി ദേശായി
മുംബൈ: ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെയുള്ള പ്രതിഷേധങ്ങൾ ശക്തമായതിനോടൊപ്പം ജനവികാരം ആളിക്കത്തിക്കുന്ന തരത്തിലുള്ള വാർത്തകൾ സംഘപരിവാർ അനുകൂല ചാനലായ ജനം ടിവി പടച്ചുവിടുന്നെന്ന ആരോപണവും ശക്തമാണ്. ചാനലിലൂടെ പ്രചരിപ്പിക്കാൻ ശ്രമിച്ച നിരവധി വ്യാജവാർത്തകൾ സമൂഹമാധ്യമങ്ങൾ പൊളിച്ചടിക്കിയിരുന്നു. ശബരിമല ദർശനത്തിനായി സംസ്ഥാനത്തെത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയേയും സംഘത്തേയും വിമാനത്താവളത്തിനകത്ത് തടഞ്ഞ് പ്രതിഷേധം നടക്കുന്നതിനിടെ പ്രതിഷേധം ആളിക്കത്തിക്കാനായി അവർ ക്രിസ്ത്യൻ മതം സ്വീകരിച്ചുവെന്ന തരത്തിൽ ചാനൽ ഫ്ലാഷ് നൽകി. തന്നെ ക്രിസ്ത്യാനിയാക്കിയ ചാനലിനെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് തൃപ്തി ദേശായി.വിമാനത്താവളത്തിൽ പ്രതിഷേധങ്ങൾ ശക്തമാകുന്നതിനിടെയാണ് സ്ഥിതി ആളിക്കത്തിക്കാനായി ഒരു വ്യാജ വാർത്ത ജനം ടിവി പുറത്തുവിടുന്നത്. 3 വർഷം മുൻപ് തൃപ്തി ദേശായി ക്രിസ്ത്യൻ മതം സ്വീകരിച്ചിരുന്നുവെന്നായിരുന്നു ജനം ടിവിയുടെ കണ്ടെത്തൽ. ക്രിസ്ത്യൻ മിഷണറിമാരുമായി തൃപ്തിക്ക് ബന്ധമുണ്ടെന്നും കൂടി ആരോപിച്ചു കളഞ്ഞു.തനിക്കെതിരെ വ്യാജ വാർത്ത പടച്ചുവിട്ട ജനം ടിവിക്ക് ഒരാഴ്ചത്തെ സമയമാണ് തൃപ്തി ദേശായി നൽകുന്നത്. ഒരാഴ്ചയ്ക്കകം മാപ്പ് പറയണം, ഇല്ലെങ്കിൽ ചാനലിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് തൃപ്തി ദേശായി മുന്നറിയിപ്പ് നൽകുന്നു. താൻ മതപരിവർത്തനം നടത്തിയിട്ടില്ല, ഹിന്ദു മത വിശ്വാസിയാണ്. എല്ലാ ധർമ്മങ്ങളേയും മാനിക്കുന്നു. കേരളത്തിലെ ഹിന്ദുക്കൾക്കിടയിൽ തനിക്കെതിരെ വിരോധം ആളിക്കത്തിക്കാനാണ് ചാനൽ ശ്രമിച്ചതെന്ന് തൃപ്തി ദേശായി ആരോപിക്കുന്നു.