കണ്ണൂര്‍ വിമാനത്താവളം: വിവാദത്തിനില്ല; ഇത് സന്തോഷിക്കേണ്ട നിമിഷമെന്ന് ഉമ്മന്‍ ചാണ്ടി
തിരുവനന്തപുരം: കണ്ണൂര്‍ വിമാനത്താവളവുമായി ബന്ധപ്പെട്ട് വിവാദത്തിനില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇത് സന്തോഷിക്കേണ്ട നിമിഷമാണ്. കണ്ണൂര്‍ വിമാനത്താവളം കേരളത്തിന്റെ വികസനത്തിന്റെ പുതിയ തലമാണെന്നും അദ്ദേഹം പറഞ്ഞു.
രണ്ട് വര്‍ഷം മുന്‍പ് ഉദ്ഘാടനം നടത്തനായി സമയബന്ധിതമായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. പാറ പൊട്ടിക്കുന്നതും സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് അന്ന് സിപിഎം ഭരിച്ചിരുന്ന ഒരു പഞ്ചായത്തിന്റെ ഭാഗത്ത് നിന്നുള്ള നിസഹരണം വിമാനത്താവളത്തിന്റെ നിര്‍മാണങ്ങളില്‍ താമസം വരുത്തിയെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് റണ്‍വേയുടെ പണി പൂര്‍ത്തിയായിരുന്നു. ടെര്‍മിനലിന്റെ പണി 80 ശതമാനവും പൂര്‍ത്തിയായിരുന്നുവെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.












