ഇടുക്കി ഡാമില്‍ നാലാമത്തെ ഷട്ടറും തുറന്നു
ഇടുക്കി ഡാമില്‍ നാലാമത്തെ ഷട്ടറും തുറന്നു. 35 സെന്റീമീറ്റര്‍ വീതമാണ് ഇപ്പോള്‍ ഷട്ടറുകള്‍ ഉയര്‍ത്തിയിരിക്കുന്നത്. രാവിലെ 11ന് ആയിരുന്നു ആദ്യത്തെ ഷട്ടര്‍ തുറന്നത്. 12 മണിക്ക് രണ്ടാമത്തെയും 12:30 ന് മൂന്നാമത്തെ ഷട്ടറും തുറക്കുകയായിരുന്നു. സെക്കന്റില്‍ ഒരു ലക്ഷം ലിറ്ററാണ് ഇപ്പോള്‍ പുറത്തേക്ക് ഒഴുകുന്നത്. ഒരോ ഷട്ടര്‍ ഉയര്‍ത്തുന്നതിന് മുന്‍പും സയറിനുകള്‍ മുഴക്കിയിരുന്നു. ഒന്നാം ഷട്ടറില്‍ നിന്നുമുള്ള വെള്ളത്തിന്റെ ഒഴുക്ക് സുഗമമാണെന്ന് ഉറപ്പു വരുത്തിയതിന് ശേഷമാണ് ഘട്ടം ഘട്ടമായി തുടര്‍ന്നുള്ള ഷട്ടറുകള്‍ തുറന്നത്. വൈകിട്ട് 4 മണിയോടെ ആലുവ, കാലടി ഭാഗത്ത് ജലനിരപ്പ് ഉയരും. ഇടുക്കി, വാത്തിക്കുടി, തങ്കമണി, കഞ്ഞിക്കുഴി മേഖലകളില്‍ ജാഗ്രത നിര്‍ദ്ദേശം നല്കിയിട്ടുണ്ട്. ആലുവയിലും പരവൂരുമായി 22 അംഗങ്ങള്‍ വീതമുള്ള രണ്ട് കമ്പനികളെയാണ് വിന്യസിച്ചിട്ടുള്ളത്. ആലുവ, പാറക്കടവ്, കീഴ്മാട്, ആലുവ വെസ്റ്റ്, ചൂര്‍ണ്ണിക്കര, ചെങ്ങമനാട്, എന്നിവിടങ്ങളില്‍ എന്‍ ഡി ആര്‍ എഫ് സംഘത്തെയും വിന്യസിച്ചിട്ടുണ്ട്.













