അതിഥി തൊഴിലാളിക്ക് ആംബുലന്‍സില്‍ സുഖപ്രസവം; ഡ്രൈവര്‍ക്കും നേഴ്‌സിനും ആരോഗ്യ മന്ത്രിയുടെ അഭിനന്ദനം
അതിഥി തൊഴിലാളിക്ക് ആംബുലന്‍സില്‍ സുഖപ്രസവം. ആശുപത്രിയിലേക്കുള്ള യാത്രാമദ്ധ്യേയാണ് അതിഥി തൊഴിലാളിയായ യുവതിക്ക് 108 ആംബുലന്‍സില്‍ പ്രസവിച്ചത്. മദ്ധ്യപ്രദേശ് ലംസാര സ്വദേശിയും ടീകാമിന്റെ ഭാര്യയുമായ ഹേമാവതിയാണ് യാത്രാമദ്ധ്യേ ആംബുലന്‍സിനുള്ളില്‍ ആണ്‍ കുഞ്ഞിന് ജന്മം നല്കിയത്. ഇടുക്കി രാജാക്കാട് ആനപ്പാറയിലാണ് ഇവര്‍ താമസിക്കുന്നത്. ചൊവാഴ്ച രാത്രി 10:30 ഓടെ വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇവര്‍ 108 ആംബുലന്‍സിനെ ബന്ധപ്പെട്ടിരുന്നു. തുടര്‍ന്ന് അടിമാലി താലൂക്ക് ആശുപത്രിയിലേക്കുള്ള യാത്രാമദ്ധ്യേ രാജാക്കാട് എത്തിയപ്പോഴേക്കും ഹേമാവതിയുടെ നിലഗുരുതരമായതോടെ സമീപത്തെ ക്ലിനിക്കിലേക്ക് ആംബുലന്‍സില്‍ എത്തിച്ചുവെങ്കിലും ഡോക്ടര്‍ എത്തുന്നതിന് മുന്‍പ് തന്നെ ആംബുലന്‍സില്‍ 11 മണിയോടെ നേഴ്‌സിന്റെ പരിചരണത്തില്‍ ഹേമാവതി കുഞ്ഞിന് ജന്മം നല്കി. അതേ സമയം ആംബുലന്‍സ് എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍, ആഷ്‌ലി ജോസഫ്, പൈലറ്റ് മോന്‍സന്‍ പി സണ്ണി എന്നിവര്‍ക്ക് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജ് അഭിനന്ദനമറിയിച്ചു. ആഷ്‌ലി ജോസഫ് ഇത് രണ്ടാം തവണയാണ് ആംബുലന്‍സിനുള്ളിലെ പ്രസവത്തിന് പരിചരണം നല്കുന്നത്. ഹേമാവതിയെയും കുഞ്ഞിനെയും അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.













