തിരുവനന്തപുരം കോര്പ്പറേഷന് നികുതി തട്ടിപ്പ് കേസില്‍ മുന്‍ സൂപ്രണ്ടും സ്റ്റാഫ് യൂണിയന് നേതാവുമായ മുഖ്യപ്രതി അറസ്റ്റില്‍
തിരുവനന്തപുരം കോര്പ്പറേഷന് നികുതി തട്ടിപ്പ് കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍. തിരുവനന്തപുരം നേമം സോണിലെ മുന്‍ പ്രസിഡന്റ് കൂടിയായ ശാന്തിയാണ് അറസ്റ്റിലായത്. കോര്പ്പറേഷന് ജീവനക്കാരുടെ സംഘടനയായ കോര്പ്പറേഷന് സ്റ്റാഫ് യൂണിയന്റെ സംസ്ഥാന സമിതി അംഗം കൂടിയാണ് ശാന്തി. തട്ടിപ്പുമായി ബന്ധപ്പെട്ട് ശാന്തി അടക്കം നേമം സോണിലെ 7 ഉദ്യോഗസ്ഥരെ കോര്പ്പറേഷന് സസ്പെന്‍ഡ് ചെയ്തിരുന്നു. തുടര്‍ന്ന് ജില്ല സെഷന്‍സ് കോടതിയിലും ഹൈക്കോടതിയിലും ഇവര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതികള്‍ തള്ളിയതോടെ ഒളിവില്‍ കഴിഞ്ഞ് വരികയായിരുന്നു. എന്നാല്‍ പോലീസിന്റെ ആവശ്യപ്രകാരം ഇവര്‍ സ്റ്റേഷനില്‍ എത്തുകയും, പോലീസ് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. 33 ലക്ഷം രൂപയുടെ തട്ടിപ്പില്‍ 26,74,333 രൂപയുടെ തട്ടിപ്പ് നേമം സോണിലാണ് നടന്നത്. ഓഡിറ്റ് വിഭാഗത്തിന്റെ പരിശോധനയിലായിരുന്നു ഏറ്റവും കൂടുതല്‍ തട്ടിപ്പ് നടന്നത് നേമം സോണിലാണെന്ന് തിരിച്ചറിഞ്ഞത്. സോണല്‍ ഓഫീസുകളില്‍ ലഭിക്കുന്ന നികുതി ഇനത്തിലും അല്ലാതെയുമുള്ള കളക്ഷനുകള്‍ അടുത്ത ദിവസം കോര്പ്പറേഷന് സെക്രട്ടറിയുടെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കണമെന്നാണ് ചട്ടം. എന്നാല്‍ നേമം സോണില്‍ ഇത്തരത്തില്‍ സ്വരൂപിച്ച തുക കോര്പ്പറേഷന് സെക്രട്ടറിയുടെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിച്ചിട്ടില്ലായിരുന്നു. തുടര്‍ന്ന് നടന്ന പരിശോധനയിലാണ് നികുതി തട്ടിപ്പില്‍ ഉദ്യോഗസ്ഥരുടെ പങ്ക് പുറത്ത് വരുന്നത്.













