തിരുവനന്തപുരത്ത് നിന്നും പന്ത്രണ്ടുകാരിയെ തമിഴ്‌നാട്ടിലേക്ക് തട്ടിക്കൊണ്ടുപോയ പ്രതികള്‍ പിടിയില്‍
പന്ത്രണ്ടുകാരിയെ തമിഴ്‌നാട്ടിലേക്ക് തട്ടിക്കൊണ്ടുപോയ പ്രതികള്‍ പിടിയില്‍. നാല് ദിവസങ്ങള്‍ക്ക് മുന്‍പാണ് പൂവാര്‍ ചെക്കടി സ്വദേശിയായ പന്ത്രണ്ടുകാരിയെ പ്രതികള്‍ തമിഴ്‌നാട്ടിലേക്ക് തട്ടിക്കൊണ്ടുപോയത്. കന്യാകുമാരി മേല്‍പ്പാലത്ത് നിലാവണിവിളയില്‍ പ്രദീപ്, വിളവന്‍കോട് അയന്തിവിള വീട്ടില്‍ മെര്‍ളിന്‍ എന്നിവരാണ് പൂവാര്‍ പോലീസിന്റെ പിടിയിലായത്. ദിവസങ്ങളോളം പോലീസ് ഇവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയായിരുന്നു. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് പ്രതികള്‍ പെണ്‍കുട്ടിയെ അരുമാനൂര്‍ ബസ് സ്റ്റാന്റില്‍ നിന്നും തട്ടിക്കൊണ്ടു പോയത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ രണ്ട് സംഘങ്ങളായി തിരിഞ്ഞാണ് പോലീസ് പ്രതികളെ പിടികൂടിയത്. ഒളിവിലിരക്കെ പെണ്‍കുട്ടി പിതാവിനെ ഫോണില്‍ നിന്നും വിളിച്ചതോടെയാണ് പോലീസിന് ഇവരുടെ ടവര്‍ ലോക്കേഷന്‍ മനസ്സിലായത്. തുടര്‍ന്ന് തമിഴ്‌നാട് പോലീസിന്റെ സഹായത്തോടൊ തമിഴ്‌നാട് പേച്ചിപ്പാറയില്‍ എത്തിയ പോലീസ് സംഘം സാഹസികമായാണ് ഇവരെ പിടികൂടിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിട്ടുണ്ട്.













