മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 138 അടിയിലേക്ക്, വിഷയം കേരളവും തമിഴ്‌നാടും ചര്‍ച്ച ചെയത് പരിഹരിക്കണമെന്ന് സുപ്രീംകോടതി
മുല്ലപ്പെരിയാര്‍ വിഷയം കേരളവും തമിഴ്‌നാടും ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്ന് സുപ്രീംകോടതി. അണക്കെട്ടിലെ ജലനിരപ്പ് സംബന്ധിച്ച് ഉടന്‍ തന്നെ വ്യക്തത വരുത്തണമെന്നും, ഇരു സംസ്ഥാനങ്ങളും പ്രശ്‌നം ചര്‍ച്ചയിലുടെ പരിഹരിക്കുകയാണെങ്കില്‍ കോടതിക്ക് ഇടപെടേണ്ട സാഹചര്യമില്ലെന്നും സുപ്രീംകോടതി വിമര്‍ശിച്ചു. വിഷയത്തില്‍ രണ്ട് ദിവസത്തിനകം തീരുമാനം ഉണ്ടാകണമെന്നും കോടതി പരാമര്‍ശിച്ചു. നിലവില്‍ അണക്കെട്ടിലെ ജലനിരപ്പ് 137.60 അടിയാണ്. ജലനിരപ്പ് കുറയ്ക്കാനായി സ്പില്‍വേ വഴി ജലമൊഴുക്കി വിടാന്‍ തമിഴ്‌നാടിനോട് കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. അതേ സമയം മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സമൂഹമാധ്യമങ്ങളിലടക്കം സിനിമ താരങ്ങള്‍ ഉള്‍പ്പെടെയുള്ള രാഷ്ട്രീയ സാമൂഹിക മേഖലയിലുള്ളവര്‍ പുതിയ ഡാം എന്ന നിര്‍ദ്ദേശമാണ് മുന്‍പോട്ട് വയ്ക്കുന്നത്. ഗവര്‍ണര്‍ ആരിഫ് ഖാനും ഈ നിര്‍ദ്ദേശത്തെ പിന്‍താങ്ങിയിരുന്നു. വിഷയത്തില്‍ ഇന്ന് ഇടുക്കി വണ്ടിപ്പെരിയാറില്‍ കളക്ടറുടെ അദ്ധ്യക്ഷതയില്‍ യോഗം നടക്കും. തുടര്‍ന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ അദ്ധ്യക്ഷതയില്‍ ഓണ്‍ലൈനായി നടക്കുന്ന ഉന്നതതല യോഗത്തില്‍ തമിഴ്‌നാട് സര്‍ക്കാര്‍ പ്രതിനിധികളും പങ്കെടുക്കും.













