മോന്‍സന്‍ മാവുങ്കലിന് എതിരെ പീഢന പരാതി നല്കിയ പെണ്‍കുട്ടിയെ ഡോക്ടര്‍മാര്‍ പൂട്ടിയിട്ട് ഭീഷണിപ്പെടുത്തിയതായി പരാതി
പുരാവസ്തു തട്ടിപ്പു കേസില്‍ ജയിലില്‍ കഴിയുന്ന മോന്‍സണ്‍ മാവുങ്കലിന് എതിരെ പീഢന പരാതി നല്കിയ പെണ്‍കുട്ടിയെ ഡോക്ടര്‍മാര്‍ മുറിയില്‍ പൂട്ടിയിട്ട് ഭീഷണിപ്പെടുത്തിയതായി പരാതി. കളമശ്ശേരി മെഡിക്കല്‍ കോളജിലെ മൂന്ന് ഡോക്ടര്‍മാര്‍ക്കെതിരെയാണ് പെണ്‍കുട്ടി പരാതി ഉന്നയിച്ചത്. പരാതിയില്‍ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മോന്‍സണ്‍ മാവുങ്കലിനെതിരെയും ഇയാളുടെ മേക്കപ്പ്മാന്‍ ആയ ജോഷിക്കെതിരെയുമായിരുന്നു പെണ്‍കുട്ടി പോക്‌സോ വകുപ്പ് പ്രകാരം പരാതി നല്കിയത്. മോന്‍സണ് എതിരായ പരാതിയില്‍ വൈദ്യപരിശോധന പൂര്‍ത്തിയാക്കിയെങ്കിലും മേക്കപ്പ് മാന് എതിരെയുള്ള പരാതിയില്‍ വൈദ്യപരിശോധന നടത്താന്‍ കളമശ്ശേരി മെഡിക്കല്‍ കോളജില്‍ എത്തിയപ്പോളാണ് മുറിയിലേക്ക് വിളിപ്പിച്ച് ഡോക്ടര്‍മാര്‍ തന്നെ മാനസികമായി പീഢിപ്പിച്ചുവെന്നും ഭീഷണിപ്പെടുത്തിയെന്നും പെണ്‍കുട്ടി പരാതിപ്പെട്ടത്. ഇതിനിടയില്‍ ഒപ്പമുണ്ടായിരുന്ന ബന്ധു അന്ന് കോടതിയില്‍ എത്തുന്ന കാര്യ ഓര്‍മ്മിപ്പിച്ചതും മുറി അകത്ത് നിന്നും ഇവര്‍ പൂട്ടിയെന്നും വാതില്‍ തള്ളി തുറന്ന് പുറത്തേക്ക് ഓടിയാണ് രക്ഷപ്പെട്ടതെന്നും പെണ്‍കുട്ടി പരാതിപ്പെട്ടു. തുടര്‍ന്ന് പരിശോധനകള്‍ക്കായി മജിസ്‌ട്രേറ്റ് എറണാകുളം ജനറല്‍ ആശുപത്രി നിര്‍ദ്ദേശിക്കുകയും ചെയ്തു.













