വടക്കഞ്ചേരി ബസ് അപകടത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു
കൊച്ചി : വടക്കഞ്ചേരിയിൽ ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ട സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ആരാണ് ബസ്സിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയതെന്ന് കോടതി ചോദിച്ചു. കോടതി നിരോധിച്ച ഫ്ലാഷ് ലൈറ്റുകളും ശബ്ദ സംവിധാനങ്ങളും വാഹനത്തിൽ ഉപയോഗിച്ചിരുന്നുവെന്ന് ചൂണ്ടികാട്ടി കൊണ്ടാണ് ഹൈക്കോടതി ഇത് ചോദിച്ചത്. കൂടാതെ അപകടത്തെക്കുറിച്ച് പൊലീസിനോടും മോട്ടോർ വാഹന വകുപ്പിനോടും കോടതി റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ടൂറിസ്റ്റ് ബസ് അമിതവേഗതയിലായിരുന്നതാണ് അപകടത്തിന് കാരണമെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു പറഞ്ഞിരുന്നു.അമിത വേഗതയിലെത്തിയ ബസ് കാറിനെ മറികടക്കവേയാണ് കെഎസ്ആർടിസി ബസിന് പിന്നിൽ ഇടിച്ച് അപകടം സംഭവിച്ചത്. ഈ സമയം ടൂറിസ്റ്റ് ബസ് മണിക്കൂറില്‍ 97.5 കിലോമീറ്റര്‍ വേഗതയിലായിരുന്നുവെന്നാണ് വിവരം. സ്കൂള്‍ അധികൃതര്‍ക്കും വീഴ്ച സംഭവിച്ചിട്ടുണ്ട്. യാത്രയുടെ വിവരങ്ങള്‍ ആർടിഒയെ അറിയിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തും. സ്കൂളുകൾ വിനോദയാത്ര സംഘടിപ്പിക്കുമ്പോൾ വിവരം ഗതാഗത വകുപ്പിനെ അറിയിക്കണമെന്നും മന്ത്രി പറഞ്ഞു. ടൂറിസ്റ്റ് ബസ് അമിതവേഗതയിലായിരുന്നുവെന്ന് സ്ഥലം സന്ദര്‍ശിച്ച എംവിഡി ഉദ്യോഗസ്ഥരും സ്ഥിരീകരിച്ചിട്ടുണ്ട്.












