പോപ്പുലർ ഫ്രണ്ടുമായി ബന്ധം; കാലടി സ്റ്റേഷനിലെ പോലീസുകാരന് സസ്പെൻഷൻ
കൊച്ചി: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടുമായി ബന്ധമുള്ള പോലീസുകാരനെ സസ്പെൻഡ് ചെയ്തു. പോപ്പുലർ ഫ്രണ്ടിന് സഹായം ചെയ്ത് നൽകിയ കാലടി പോലീസ് സ്‌റ്റേഷനിലെ പോലീസുകാരനെയാണ് സസ്‌പെൻഡ് ചെയ്തത്. സീനിയർ സിവിൽ പോലീസ് ഉദ്യോഗസ്ഥൻ സിയാദിനെയാണ് സസ്‌പെൻഡ് ചെയ്തത്.പോപ്പുലർ ഫ്രണ്ട് നടത്തിയ ഹർത്താലിൽ കെഎസ്ആർടിസി ബസ് തകർത്ത കേസുമായി ബന്ധപ്പെട്ട് മൂന്ന് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ അറസ്റ്റ് ചെയ്തിരുന്നു. ഇവർക്ക് പെരുമ്പാവൂർ പോലീസ് സ്‌റ്റേഷനിൽ എത്തി വേണ്ട സഹായം ചെയ്തുകൊടുത്തത് സിയാദായിരുന്നു. എൻഐഎ സംഘം സിയാദിന്റെ മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്തിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം ഉണ്ടാകുമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.












