രാജ്ഭവന്റെ സുരക്ഷ വർധിപ്പിച്ചു; കൂടുതൽ പോലീസ് സേനയെ വിന്യസിച്ചു
തിരുവനന്തപുരം: സർക്കാരും ഗവർണറും തമ്മിലുള്ള പോര് മുറുകുന്നതിനിടെ ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവന് സുരക്ഷ കൂട്ടി. രാത്രിയോടെ രാജ്ഭവന്റെ പരിസരത്ത് കൂടുതൽ പോലീസ് സേനയെ വിന്യസിച്ചിരിക്കുകയാണ്. വെള്ളയമ്പലം, കവടിയാർ തുടങ്ങിയ പ്രദേശങ്ങളിൽ പരിശോധിച്ച ശേഷം മാത്രമാണ് വാഹനങ്ങൾ കടത്തിവിടുന്നത്. ഗവർണർക്കെതിരായി സംസ്ഥാനമെങ്ങും പ്രതിഷേധ പരിപാടികൾ നടക്കുന്ന സാഹചര്യത്തിൽ എകെജി സെന്റർ ആക്രമണം പോലുള്ള സംഭവങ്ങൾ ഉണ്ടായാലുള്ള ക്രമസമാധാന പ്രശ്നങ്ങൾ ഒഴിവാക്കാനായാണ് സുരക്ഷ വർധിപ്പിച്ചത്. ധനമന്ത്രിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ കത്തയച്ച നടപടി വിവാദമായതിന് പിന്നാലെയാണ് രാജ്ഭവന്‍റെ സുരക്ഷ ശക്തമാക്കുന്നത്. യുപി പരാമർശത്തിലൂടെ ധനമന്ത്രി കെ എന്‍ ബാലഗോപാലിലുളള പ്രീതി നഷ്ടമായെന്നും മന്ത്രിയെ പിൻവലിക്കണമെന്നും ആവശ്യപ്പെട്ടാണ് ഗവര്‍ണര്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചത്. ഗവർണ്ണർക്ക് എതിരായ ധനമന്ത്രിയുടെ പ്രസംഗമാണ് നടപടിക്ക് കാരണം. എന്നാൽ, പ്രസംഗം ഗവർണറെ അപമാനിക്കുന്നതല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കി.












