ചില പോലീസുകാരുടെ ഭാഗത്ത് നിന്നുണ്ടാവുന്ന പ്രവൃത്തികൾ പോലീസിന് ആകെ നാണക്കേടുണ്ടാക്കുന്നുവെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ചില പോലീസുകാരുടെ ഭാഗത്തു നിന്നുണ്ടാകുന്ന ശരിയല്ലാത്ത പ്രവൃത്തികൾ പോലീസിന് ആകെ നാണക്കേടുണ്ടാക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിമർശനത്തെ പോസിറ്റീവായി കാണണം. കേരള പോലീസ് ഒരു തെറ്റും ചെയ്യാത്തവരാവണമെന്ന് ജനങ്ങൾ കണക്ക് കൂട്ടുന്നു. ഒറ്റപ്പെട്ട സംഭവങ്ങൾ പോലും ഉണ്ടാവാതിരിക്കാൻ ജാഗ്രത വേണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു. കേരള പോലീസിന്‍റെ 67-ാമത് രൂപീകരണദിനാഘോഷത്തോടനുബന്ധിച്ചുളള പരേഡിൽ അഭിവാദ്യം സ്വീകരിച്ച ശേഷം പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.തെറ്റ് ചെയ്യുന്നവർ പോലീസ് സേനയുടെ ഭാഗമായി നിൽക്കേണ്ടതുണ്ടോയെന്ന് ഗൗരവമായി ചിന്തിക്കേണ്ടതാണ്. ആരുടേയും കഞ്ഞികുടി മുട്ടിക്കുക സർക്കാരിന്റെ ലക്ഷ്യമല്ല. അച്ചടക്ക നടപടികൾ വേഗത്തിൽ പൂർത്തിയാക്കണം. തെറ്റ് ചെയ്ത ഒരാളും സേനയുടെ ഭാഗമാകേണ്ടതില്ല. പോലീസ് സേനയുടെ അന്തസ് ഉയർത്തിപ്പിടിക്കാത്ത ആരും സേനയിൽ തുടരില്ല. ഏതെങ്കിലും തരത്തിൽ പ്രകോപനമുണ്ടാക്കാൻ ശ്രമിക്കുന്നവർ സംസ്ഥാനത്തുണ്ടെന്നും അവരെ നേരിടാൻ പോലീസിൻ്റെ ചുറുചുറുക്ക് അനിവാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.